കേരള സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങ്; തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല
തിരുവനന്തപുരം: കേരളത്തിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങളും അദ്ദേഹത്തിന്റെ തിരക്കേറിയ ഔദ്യോഗിക മുൻഗണനകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻപ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയപ്പോഴുണ്ടായ അമിതമായ ജനത്തിരക്ക് വലിയ സുരക്ഷാ വെല്ലുവിളികൾ ഉയർത്തിയിരുന്നു. ഇത്തരം ഒരു വലിയ ചടങ്ങിൽ അദ്ദേഹം കൂടി എത്തിയാൽ നിയന്ത്രണാതീതമായ തിരക്കുണ്ടാകുമെന്നും ചടങ്ങിന്റെ പ്രധാനശ്രദ്ധ തിരിയുമെന്നും അധികൃതർ വിലയിരുത്തുന്നു.
സത്യപ്രതിജ്ഞാചടങ്ങിലേക്ക് അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കാറുണ്ട്. കോൺഗ്രസിന്റെ കൂടി പിന്തുണ വിജയ് സർക്കാരിനുള്ളതിനാൽ സംസ്ഥാനത്തിനും വിജയ് യെ ക്ഷണിക്കുന്നതിൽ താത്പര്യക്കുറവുണ്ടാകാനിടയില്ല. സുരക്ഷാകാരണങ്ങൾ തന്നെയാകും വിജയ് വരാത്തതിന് പ്രധാനകാരണമെന്നാണ് സൂചന.
