‘അധികാരം വരുമ്പോൾ അടുത്തുകൂടുന്ന ചങ്ങാതിമാരെ സൂക്ഷിക്കണം, സതീശൻ മുഖ്യമന്ത്രിയായത് സ്വാഭാവിക നീതി’

Share our post

തിരുവനന്തപുരം: അധികാരം വരുമ്പോൾ അടുത്തുകൂടുന്ന ചങ്ങാതിമാരെ കരുതലോടെ കൈകാര്യം ചെയ്യണമെന്ന് വി.ഡി. സതീശന് ഉപദേശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സതീശൻ മുഖ്യമന്ത്രിസ്ഥാനത്തെത്തിയത് നൂറുശതമാനം സ്വാഭാവിക നീതിയാണെന്നും വി.എം. സുധീരൻ കൂട്ടിച്ചേർത്തു.

ഒരുപാട് തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണ വി.ഡി. സതീശന് കിട്ടിയതുപോലെ ഒരു പിന്തുണ ഒരു സന്ദർഭത്തിലും കിട്ടിയിട്ടില്ല. വീട്ടമ്മമാർ, കുട്ടികൾ, മുതിർന്നവർ, ചെറുപ്പക്കാർ… ഇളംതലമുറയും മുതിർന്ന തലമുറയും ഒരേ രീതിയിൽ ഒരേ വികാരത്തിലാണ് പ്രതികരിച്ചത്. ഇക്കാര്യം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽ ഞാൻ പെടുത്തിയിരുന്നു, സുധീരൻ പറഞ്ഞു.

സതീശൻ ഈ സ്ഥാനത്ത് എത്തിയത് നൂറുശതമാനം സ്വാഭാവിക നീതിയാണ്. യുഡിഎഫ് ചെയർമാൻ എന്ന നിലയിൽ തിരഞ്ഞെടുപ്പ് നയിച്ചത് അദ്ദേഹമാണ്. നൂറുസീറ്റിലധികം നേടുമെന്നും ഇല്ലെങ്കിൽ വനവാസത്തിന് പോകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അഭിമാനത്തോടെ പറയുകയാണ്, ജനങ്ങളുടേയും പ്രവർത്തകരുടേയും മതേതരവിശ്വാസികളുടേയും അണികളുടേയും ആത്മവിശ്വാസം വളർത്തിയ തീരുമാനമായിരുന്നു അത്.

എന്റെ അനുജൻ എന്ന നിലയിൽ വളരെ അഭിമാനം തോന്നിയ നിമിഷമാണ്. വർഗീയ കകക്ഷികളുമായി സന്ധിയില്ല എന്ന തീരുമാനം, കാലകാലങ്ങളായി അധികാരത്തിൽ വരുന്നവർക്ക് അവരെ പ്രീണിപ്പിച്ച് മുമ്പോട്ട് പോയി തൻകാര്യം നേടുന്ന ചില സാമുദായിക പ്രമാണിമാരുണ്ടല്ലോ. അവരുടെ ഒന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ അവർക്ക് കീഴ്പ്പെടാതെ യുഡിഎഫിന്റെ മഹത്വം ഉയർത്തിപ്പിച്ചതാണ് സതീശന് ജനങ്ങളിൽനിന്ന് കിട്ടിയ അംഗീകാരം.

യുഡിഎഫിലെ എല്ലാ ഘടകകക്ഷികൾക്കും സതീശനെ വലിയ താത്പര്യമാണ്. സതീശനിൽനിന്ന് കേരളം ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ഒരു പുതുയുഗസൃഷ്ടി കേരളത്തിനുണ്ടാക്കാൻ സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് സാധിക്കട്ടെ, സുധീരൻ പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!