അനിശ്ചിതത്വം തുടരുന്നു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നും ഉണ്ടായേക്കില്ല; ഖാർഗെ കർണാടകയിലേക്ക് മടങ്ങി
ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്നതിലുള്ള ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചയും ഉണ്ടായേക്കില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്ക് പോയതാണ് പ്രഖ്യാപനം വീണ്ടും നീളാൻ ഇടയാക്കുന്നതെന്നാണ് വിവരം.
മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി. സുധാകറിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഖാർഗെ കർണാടകയിലേയ്ക്ക് പോയത്. ഇതോടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവയ്‌ക്കേണ്ടിവന്നു. ഖാർഗെ തിങ്കളാഴ്ച ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം മാത്രമേ ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയശേഷമാകും പ്രഖ്യാപനം നടക്കുക. ഖാർഗെയുടെ വസതിയിൽ കഴിഞ്ഞദിവസം നടന്ന മൂന്നുമണിക്കൂർ ചർച്ചയ്‌ക്കൊടുവിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരുന്നില്ല.
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്നുപേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ഇതിൽ കെ.സി. വേണുഗോപാലിന് ഭൂരിപക്ഷ എം.എൽ.എ.മാരുടെ പിന്തുണയുണ്ട്. അണികളുടെ ചേരിതിരിഞ്ഞുള്ള പ്രകടനങ്ങൾ നിർത്താൻ രാഹുൽ ഗാന്ധി മൂന്ന് നേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
