ആവശ്യത്തിന് ശബ്ദമുണ്ട്, കൃത്രിമ ശബ്ദം വേണ്ട; ബുള്ളറ്റിന്റെ സൈലൻസറിൽ കൈവെച്ചാൽ പണികിട്ടും

Share our post

കാക്കനാട്: റോഡുകളിൽ അമിതശബ്ദമുണ്ടാക്കി ചീറിപ്പായുന്ന ബുള്ളറ്റുകൾക്ക് കടുപ്പമേറിയ ‘പൂട്ടുവീഴുന്നു’. ബുള്ളറ്റുകളുടെ സൈലൻസറിൽ കൃത്രിമം കാട്ടി ശബ്ദം വർധിപ്പിക്കുന്നവർക്കെതിരേ മോട്ടോർ വാഹനവകുപ്പ് പരിശോധന കർശനമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പ്രത്യേക പരിശോധനയിൽ ഒട്ടേറെ ബുള്ളറ്റുകളാണ് ഉദ്യോഗസ്ഥർ പിടികൂടിയത്

പിഴ 7,000 രൂപ; രജിസ്ട്രേഷനും പോയേക്കാം

നിയമം ലംഘിച്ചവരിൽനിന്ന് 7,000 രൂപ പിഴ ഈടാക്കുന്നതിനൊപ്പം ഒരാഴ്ചയ്ക്കുള്ളിൽ സൈലൻസർ മാറ്റി വാഹനം ആർ.ടി. ഓഫീസിൽ ഹാജരാക്കാനും നിർദേശം നൽകി. നിയമലംഘനം തുടരുന്നവരുടെ വാഹന രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് നീങ്ങാനാണ് അധികൃതരുടെ തീരുമാനം.

ഹൈക്കോടതി ഉത്തരവിന്റെയും മോട്ടോർവാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലാണിത്. മലിനീകരണ നിയന്ത്രണത്തിനായുള്ള ബി.എസ്.-4 ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് പല വാഹനങ്ങളിലും നടക്കുന്നത്. ശബ്ദം കൂട്ടാനായി സൈലൻസറിലെ കാറ്റലറ്റിക് കൺവെർട്ടർ അഴിച്ചുമാറ്റുന്നത് ഗുരുതരമായ വായുമലിനീകരണത്തിന് കാരണമാകുന്നു. സാധാരണഗതിയിൽ 92 ഡെസിബൽ വരെയാണ് ബൈക്കുകൾക്ക് അനുവദനീയമായ ശബ്ദമെങ്കിലും രൂപമാറ്റം വരുത്തിയ ബുള്ളറ്റുകൾ ഇതിന്റെ പത്തിരട്ടിവരെ ശബ്ദമാണ് പുറപ്പെടുവിക്കുന്നത്.

വിപണിയിലെ ‘ശബ്ദകോലാഹലങ്ങൾ’

റെഡ് റുസ്റ്റർ, ടൈൽ ഗണ്ണർ, വൈൽഡ് ബോർ, ഇൻഡോരി, ബാരൽ, ഷാർക്ക്, മെഗാഫോൺ, ബഡാ പഞ്ചാബി തുടങ്ങിയ സൈലൻസറുകൾ ഉപയോഗിക്കുന്നവർക്കെതിരേയാണ് കൂടുതലും നടപടി. ശ്രദ്ധ പിടിച്ചുപറ്റാൻവേണ്ടി നടത്തുന്ന ഇത്തരം പ്രകടനങ്ങൾ വായു-ശബ്ദ മലിനീകരണത്തിന് വലിയതോതിൽ കാരണമാകുന്നുണ്ട്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരേ വരുംദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!