ഗവർണറുടെ നിലപാടിൽ പാർട്ടിയുടെ ഇടപെടലില്ല, എല്ലാം ജനാധിപത്യപരമായി നടക്കും; വിശദീകരണവുമായി ബിജെപി

Share our post

ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന് (ടിവികെ) അടുത്ത സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായത്ര പിന്തുണയില്ലെന്നും ഭൂരിപക്ഷം തെളിയിച്ചാൽ സർക്കാർ രൂപവത്കരിക്കാമെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ അറിയിച്ചതോടെ തമിഴ്നാട്ടിൽ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. അതേസമയം ഗവർണറുടെ നിലപാടിൽ പാർട്ടിയുടെ ഇടപെടൽ നിഷേധിച്ച് ബിജെപി രംഗത്ത്.

ടിവികെ ഭൂരിപക്ഷം തെളിയിച്ചാൽ ഗവർണർ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് നാരായണൻ തിരുപ്പതി പറഞ്ഞു. “ടിവികെയ്ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടില്ല. അവർ അവരുടെ ഭൂരിപക്ഷം തെളിയിക്കണം. ടിവികെയ്ക്ക് അതിനുള്ള അവസരങ്ങൾ കണ്ടെത്താൻ കഴിയും. വിജയ് ഭൂരിപക്ഷം തെളിയിച്ചാൽ, ഗവർണർ ഭരണഘടനാപരമായി അത് സ്വീകരിക്കും. രാജ്ഭവനിലോ ഗവർണറുടെ ഭാഗത്തോ യാതൊരു ആശയക്കുഴപ്പവുമില്ല. അദ്ദേഹം ഭരണഘടന അനുസരിച്ച് പ്രവർത്തിക്കും,” നാരായണൻ തിരുപ്പതി പിടിഐയോട് പറഞ്ഞു.

വിജയ് ബിജെപിയെ എതിർക്കുന്നതിനാൽ അദ്ദേഹത്തെ സമ്മർദത്തിലാക്കാൻ ശ്രമങ്ങളുണ്ടെന്ന വാദങ്ങൾ തിരുപ്പതി തള്ളി. “ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ തിരഞ്ഞെടുപ്പുകൾ ജനാധിപത്യപരമായി നടക്കുന്നു. വിജയ്‌ക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചിട്ടുണ്ട്. എല്ലാം ജനാധിപത്യപരമായി നടക്കും. പാർട്ടിയ്ക്ക് എങ്ങനെ സമ്മർദ്ദം ചെലുത്താൻ കഴിയും? ഇതെല്ലാം രാഷ്ട്രീയ പ്രചാരണങ്ങളാണ്,” ബിജെപി നേതാവ് പറഞ്ഞു. ടിവികെ പുതിയ സഖ്യം രൂപവത്കരിക്കാൻ സഖ്യകക്ഷികളെ തേടുന്നതിനിടെ പുതിയ സർക്കാരിനെ കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് ബിജെപിയുടെ വിശദീകരണം വരുന്നത്.

തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ ആകെ 234 സീറ്റുകളിൽ 108 എണ്ണം നേടികൊണ്ട് ടിവികെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഭൂരിപക്ഷം നേടാൻ 118 സീറ്റുകളാണ് വേണ്ടത്, അതിനാൽ സർക്കാർ രൂപവത്കരിക്കാൻ 10 എംഎൽഎമാരുടെ കൂടി പിന്തുണ ആവശ്യമാണ്. കോൺഗ്രസ് ഇതിനോടകം ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിസികെ, ഇടതുപാർട്ടികൾ പോലുള്ള മറ്റ് ചെറിയ പാർട്ടികളെയും വിജയ് സമീപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ വീണ്ടും വിജയ് ഗവർണറെ കണ്ടിരുന്നു. ടിവികെയ്ക്ക് ലഭിക്കാനിടയുള്ള പിന്തുണയെക്കുറിച്ച് വ്യക്തമാക്കാൻ ഗവർണർ വിജയ്യോട് ആവശ്യപ്പെട്ടു. ഗവർണറുമായുള്ള സംഭാഷണത്തിനിടെ, നിയമസഭയിൽ വിശ്വാസ വോട്ട് നേരിടാൻ താൻ തയ്യാറാണെന്ന് വിജയ് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!