കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം പിണറായി നേടിയ ആകെ വോട്ടിനു തൊട്ടടുത്ത്; ഭൂരിപക്ഷത്തിൽ കുഞ്ഞാപ്പ വല്യാപ്പ!

Share our post

മലപ്പുറം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച 16 സിപിഎം എംഎൽഎമാരുടെ ആകെ ഭൂരിപക്ഷം ഒരു തട്ടിലും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം മറുതട്ടിലുമിട്ട് തൂക്കിയാൽ കുഞ്ഞാപ്പയുടെ തട്ട് താണു തന്നെയിരിക്കും. 85,327 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്ത് നിന്നു കുഞ്ഞാലിക്കുട്ടി ജയിച്ചത്. സിപിഎമ്മിന്റെ ആകെ ജയിച്ച 26 പേരിൽ 16 പേരുടെ ഭൂരിപക്ഷം കൂട്ടിയാലും ഇത് മറികടക്കണമെങ്കിൽ 5445 വോട്ട് പിന്നെയും വേണം. സംസ്ഥാനത്തു മത്സരിച്ച സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയതും കുഞ്ഞാലിക്കുട്ടിയാണ്. 1.31 ലക്ഷം.

മലപ്പുറത്തു യുഡിഎഫ് നേടിയ വിജയത്തിന്റെ ആധികാരികത വ്യക്തമാക്കുന്നതാണ് ഭൂരിപക്ഷത്തിലെ ഈ താരതമ്യം. സിപിഎം 26 സീറ്റുകളിലാണ് ആകെ ജയിച്ചത്. ഇതിൽ അഴീക്കോട്, ബേപ്പൂർ, തരൂർ, നെന്മാറ, കുന്നംകുളം, ഗുരുവായൂർ, മണലൂർ, വടക്കാഞ്ചേരി, പുതുക്കാട്, ചെങ്ങന്നൂർ, കോന്നി, കൊട്ടാരക്കര, വർക്കല, അരുവിക്കര, പാറശാല, ആലത്തൂർ മണ്ഡലങ്ങളിലെ ഭൂരിപക്ഷം കൂട്ടിയാലും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അടുത്തെത്തില്ല. പിണറായി വിജയൻ നേടിയ ആകെ വോട്ടിനു തൊട്ടടുത്താണ് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം. പിണറായി ധർമടത്ത് ആകെ നേടിയത് 85,614 വോട്ട്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 85,327 .! നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും കൂടിയ 3 ഭൂരിപക്ഷവും നിലവിൽ ലീഗിനു സ്വന്തമാണ്. തിരൂരങ്ങാടിയിൽ നിന്നു ജയിച്ച പി.എം.എ.സമീർ, കോട്ടയ്ക്കലിൽ നിന്നു ജയിച്ച ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണു രണ്ടും മൂന്നും സ്ഥാനത്ത്.

ചരിത്രനേട്ടം
മലപ്പുറം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ മാത്രമല്ല, നേടിയ വോട്ടുകളുടെ എണ്ണത്തിലും ചരിത്രമായി മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർഥികൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടു നേടിയ 2 പേർ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. മലപ്പുറത്ത് പി,കെകുഞ്ഞാലിക്കുട്ടിയും വണ്ടൂരിൽ എ.പി.അനിൽ കുമാറും. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ചരിത്രം സൃഷ്ടിച്ച കുഞ്ഞാലിക്കുട്ടിയാണ് നേടിയ വോട്ടുകളുടെ എണ്ണത്തിലും ഒന്നാമൻ. 131632 വോട്ടാണ് അദ്ദേഹം ആകെ നേടിയത്. വണ്ടൂരിൽ തുടർച്ചയായ ആറാം വിജയം നേടിയ കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി.അനിൽകുമാർ 121074 വോട്ട് നേടി സംസ്ഥാന തലത്തിൽ രണ്ടാമനായി. വണ്ടൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് അനിൽ കുമാർ ഇത്തവണ വിജയിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!