കെ.കെ. രമ മന്ത്രിയാകുമോ? സ്ഥാനം സ്വീകരിക്കേണ്ടെന്ന് ഒരുവിഭാഗം; ആർ.എം.പി.ഐ. നിലപാട് നിർണായകം

Share our post

വടകര: യു.ഡി.എഫ്. മന്ത്രിസഭ വരുമ്പോൾ കെ.കെ. രമ മന്ത്രിയാകുമോ…? തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വടകര ഉറ്റുനോക്കുന്നത് ഇതിലേക്കാണ്. എം.എൽ.എ. എന്ന നിലയിലുള്ള പ്രവർത്തനവും വടകരയിലെ യു.ഡി.എഫ്.- ആർ.എം.പി.ഐ. ബന്ധവുമെല്ലാം പരിഗണിക്കുമ്പോൾ രമയ്ക്ക് ഒരു മന്ത്രിസ്ഥാനം യു.ഡി.എഫ്. നൽകാനുള്ള സാധ്യതയേറെയാണ്. യു.ഡി.എഫ്. ഇതിനു തയ്യാറാണെന്നുമാണ് വിവരം.

എന്നാൽ മന്ത്രിസ്ഥാനം ആർ.എം.പി.ഐ. ആവശ്യപ്പെടുമോ എന്നതിൽ വ്യക്തതയില്ല. മന്ത്രിസ്ഥാനം മുന്നോട്ടുവെച്ചാൽ അത് സ്വീകരിക്കണമോ, വേണ്ടയോ എന്ന കാര്യത്തിലും ആർ.എം.പി.ഐ. തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായം ഉണ്ടെന്നാണു സൂചന. ആർ.എം.പി.ഐ. നിലവിൽ യു.ഡി.എഫിന്റെ ഘടകകക്ഷിയല്ല. അസോസിയേറ്റ് അംഗമെന്ന നിലയിലാണ് പ്രവർത്തനം. ഘടകകക്ഷിയല്ലാത്ത നിലയ്ക്ക് മന്ത്രിസ്ഥാനം സ്വീകരിക്കുന്നത് ഉചിതമാണോ എന്നതാണ് ആർ.എം.പി.ഐ. നേതൃത്വത്തെ കുഴക്കുന്നത്. മന്ത്രിസ്ഥാനം സ്വീകരിക്കേണ്ടതില്ലെന്നാണ് പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ അഭിപ്രായമെങ്കിലും പാർട്ടിയുടെ ഏതെങ്കിലും ഘടകങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുകയോ, ഇതിൽ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. ഒരുവിഭാഗം അണികളും നേതൃത്വവും മന്ത്രിസ്ഥാനം സ്വീകരിക്കണമെന്നും വാദിക്കുന്നുണ്ട്. പാർട്ടിക്ക് ഇത് മുതൽക്കൂട്ടാകുമെന്നും അണികൾക്ക് ആത്മവിശ്വാസം പകരാൻ കഴിയുമെന്നുമാണ് ഇവരുടെ വാദം.

ഫലത്തിൽ ഘടകകക്ഷിയല്ലെങ്കിലും ഒഞ്ചിയം, വടകര മേഖലകളിലെ ഒട്ടേറെ തദ്ദേശസ്ഥാപനങ്ങളിൽ ആർ.എം.പി.ഐ. മത്സരിച്ചത് യു.ഡി.എഫുമായിച്ചേർന്നാണ്. ഒഞ്ചിയം, ഏറാമല പഞ്ചായത്തുകൾ യു.ഡി.എഫും ആർ.എം.പി.ഐയും ഒന്നിച്ചാണു ഭരിക്കുന്നത്. ഇവിടെ ‘ജനകീയമുന്നണി’ എന്ന പേരിൽ മുന്നണിസംവിധാനമായാണ് യു.ഡി.എഫും ആർ.എം.പി.ഐയും പ്രവർത്തിക്കുന്നത്. ഈ മുന്നണിസംവിധാനം പക്ഷേ, സംസ്ഥാനതലത്തിൽ ഇല്ല.

‘മന്ത്രിസ്ഥാനം വേണമെന്നോ വേണ്ടെന്നോ ആർ.എം.പി.ഐ. പറഞ്ഞിട്ടില്ലെന്നും അങ്ങനെയൊരു ചർച്ച ഉയരുന്ന സമയത്ത് പാർട്ടി ചർച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ആർ.എം.പി.ഐ. സംസ്ഥാനസെക്രട്ടറി എൻ. വേണു മാതൃഭൂമിയോടു പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!