പറശ്ശിനിക്കടവിൽ ഹിൽ ടോപ്പ് പാർക്കിങ് സൗകര്യം ഒരുങ്ങുന്നു

Share our post

പറശ്ശിനിക്കടവ് : തീർഥാടനകേന്ദ്രമായ പറശ്ശിനിക്കടവിലും ഹിൽ ടോപ്പ് പാർക്കിങ് ഏരിയ സജ്ജമാകുന്നു. പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയുടെ തൊട്ടുമുകളിലെ കുന്നിൻചെരിവിലൂടെ കടന്നുപോകുന്ന പറശ്ശിനിക്കടവ്-മയ്യിൽ റോഡരികിലാണ് സിമന്റ് കട്ട നിരത്തി പാർക്കിങ്‌സ്ഥലം ഒരുക്കുന്നത്.

നിത്യേന ആയിരക്കണക്കിന് തീർഥാടകരും വിനോദസഞ്ചാരികളും എത്തിച്ചേരുന്ന പറശ്ശിനിക്കടവിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള ഇടങ്ങൾ വളരെ പരിമിതമാണ്. ഇതിന്റെ ഭാഗമായി ടൂറിസ്റ്റ് ബസുകൾപോലും വിദൂരദിക്കുകളിൽ പാർക്ക് ചെയ്യേണ്ട ദുരവസ്ഥ സഞ്ചാരികളെ വല്ലാതെ വലച്ചിരുന്നു.

കൂടുതൽ തിരക്ക് അനുഭവപ്പടാറുള്ള ഞായറാഴ്ചകളിലും കൊട്ടിയൂർ വൈശാഖ ഉത്സവനാളുകളിലും മണ്ഡലകാല, ശബരിമല തീർഥാടനകാലത്തും വലിയ തിരക്കാണ് പറശ്ശിനിക്കടവിൽ അനുഭവപ്പെടാറുള്ളത്.

ഈ സമയങ്ങളിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഇടമില്ലാതെ തീർഥാടകരുംമറ്റും ബുദ്ധിമുട്ടാറുണ്ട്. ഇതിനെല്ലാം ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് പറശ്ശിനിക്കടവിലെ പ്രധാന റോഡരികിൽ ഇത്തരം പാർക്കിങ് ഏരിയയുടെ നിർമ്മാണം പുരോഗമിക്കുന്നത്.

സൗന്ദര്യവത്‌കരണത്തിന് 284 ലക്ഷം

പറശ്ശിനിക്കടവിൽ സമഗ്രമായ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് 284 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് റോഡരികിൽ അരികുഭിത്തി നിർമിച്ച് പാർക്കിങ് സ്ഥലം സിമൻറ്‌ കട്ടകൾവെച്ച് മനോഹരമാക്കി നിർമിക്കുന്നത്. കുന്നിൻമുകളിലെ പാർക്കിങ് ഭാഗത്തുമാത്രം ചെറുതും വലുതുമായ എഴുപതോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകുമെന്നാണ് ഏകദേശ കണക്ക്. ഇതോടൊപ്പം പറശ്ശിനിക്കടവ് ബോട്ട്ജെട്ടി നവീകരണത്തിന് 350 ലക്ഷത്തിന്റെ പദ്ധതികളും പുരോഗമിക്കുകയാണ്.

അപകടങ്ങൾ വഴിവിളക്കായി

പറശ്ശിനിക്കടവിൽ എത്തുന്ന തീർഥാടകർ കൂടുതൽ ആശ്രയിക്കാറുള്ള പാർക്കിങ് ഇടമാണ് പറശ്ശിനിക്കടവ്-മയ്യിൽ റോഡരികിലെ ഈ ഭാഗം. എന്നാൽ ഇവിടെ ഇടയ്ക്കിടെ അപകടങ്ങൾ നടക്കാറുണ്ട്. റോഡരികിലെ ഒഴിവ് സ്ഥലത്ത് പാർക്ക് ചെയ്യുന്നവർ താഴെയുള്ള വലിയ ഗർത്തം കാണാതെപോകുന്നു. തെരുവുവിളക്കിന്റെ അഭാവവും റോഡരികിൽ അരികുഭിത്തി ഇല്ലാത്തതും നിരവധി അപകടങ്ങൾക്ക്‌ ഇടയാക്കിയിരുന്നു. കഴിഞ്ഞ ജൂൺ 15-ന് കൊല്ലം സ്വദേശികളുടെ കാർ താഴെ 30 അടിയോളം താഴ്ചയിൽ വീണതോടെയാണ് കൊല്ലിയുടെ ശരിയായ കെണി അധികൃതർ തിരിച്ചറിഞ്ഞത്. അതോടെയാണ് അരികുഭിത്തിയും പാർക്കിങ് ഏരിയയും ഒരുക്കാൻ പദ്ധതികൾക്ക് രൂപമായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!