പണം നൽകാൻ വൈകി; ഹോട്ടൽ നടത്തിപ്പുകാരനെ കടയിൽ കയറി മർദിച്ചു, ഭക്ഷണത്തിൽ ഹാൻഡ് വാഷ് കലർത്തി
ഇളമണ്ണൂർ: പത്തനംതിട്ട, ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ കടയിൽ കയറി മർദിച്ചതായി പരാതി. ഹോട്ടൽ നടത്തിപ്പുകാരൻ ടോണിയെയാണ് മൂന്നംഗ സംഘം മർദിച്ചത്.
ഹോട്ടൽ ഉപകരണങ്ങളുടെ പണം നൽകാൻ വൈകിയതിനെ തുടർന്നാണ് മുൻ ഹോട്ടൽ ഉടമയും കൂട്ടാളികളും ചേർന്ന് ടോണിയെ മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പരാതിയിൽ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 25 നായിരുന്നു കേസിനാസ്പദമായ സംഭവം. കട നടത്തിപ്പിനായി നേരത്തെ കട നടത്തിയവരിൽ നിന്നായി രണ്ടരലക്ഷം രൂപയ്ക്ക് ടോണി ഉപകരണങ്ങൾ വാങ്ങിയിരുന്നു.
രണ്ട് മാസത്തെ കാലയളവിൽ ചെക്ക് നൽകുകയും ആയിരം രൂപ പ്രതിദിനം നൽകാമെന്നുമായിരുന്നു കരാർ. ഗ്യാസ് പ്രതിസന്ധി വന്നതോടെ 26 ദിവസം കട തുറന്നിരുന്നില്ലെന്ന് ടോണി പറയുന്നു. ഇതോടെ ആയിരം രൂപ നൽകുന്നത് മുടങ്ങി. അതിൻ്റെ വിരോധത്തിൽ മുൻ ഉടമ പ്രിൻസും കൂട്ടാളികളും ചേർന്ന് മർദിച്ചെന്നാണ് ടോണി പൊലീസിനോട് പറഞ്ഞത്. പ്രതികൾ ഹോട്ടലിലെ ഭക്ഷണത്തിൽ ഹാൻഡ് വാഷ് കലർത്തിയതായും പണം നഷ്ടപ്പെട്ടതായും എഫ്ഐആറിൽ പറയുന്നു.
