500 രൂപ മോഷ്ടിച്ചെന്നാരോപണം, ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചതായി പരാതി

Share our post

കൊല്ലം: പണം മോഷ്ടിച്ചുവെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാർഥികളായ സഹോദരങ്ങളെ ഹോസ്റ്റലിൽ വെച്ച് ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം പുനലൂരിൽ ‘ലിവിങ് വാട്ടർ’ എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. കാലിൽ കയർകെട്ടി തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. രക്ഷിതാക്കളുടെ പരാതിയിൽ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മുപ്പതോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടർ. അവധിക്കാലം ആയതിനാൽ ഭൂരിഭാഗം കുട്ടികൾ തിരികെ വീട്ടിലേക്ക് മടങ്ങിയിരുന്നു. മൂന്നുകുട്ടികളായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇതിൽ സഹോദരങ്ങളായ രണ്ടുകുട്ടികളെയാണ് മർദിച്ചത്.

പാചകക്കാരന്റെ അഞ്ഞൂറ് രൂപ കാണാതായതിനെത്തുടർന്നാണ് മർദ്ദനം. ആറാം ക്ലാസുകാരനായ വിദ്യാർഥിയാണ് പണമെടുത്തതെന്നാരോപിച്ചായിരുന്നു വാർഡനും പാചകക്കാരനും ചേർന്ന് മർദിച്ചത്. കയറിൽ കെട്ടിത്തൂക്കി ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാവിനെ വിളിച്ച് കുട്ടിയെ വീട്ടിലേക്ക് അയക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

രക്ഷിതാക്കളെത്തി കുട്ടിയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തിയപ്പോഴാണ് മർദന വിവരം കുട്ടി പറയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് കുട്ടിയുടെ വൈദ്യപരിശോധന നടത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഎൻഎസ് പ്രകാരവും പോലീസ് കേസെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!