കുട്ടികളുടെ തലയണയ്ക്ക് അടിയിൽ വെള്ളിക്കെട്ടൻ പാമ്പ്; പരിശോധിച്ചപ്പോൾ വീട്ടിനുള്ളിൽ അഞ്ചെണ്ണം
കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിലെ തലയണയ്ക്കടിയിൽ നിന്ന് വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി. മീത്തലെ കാപ്പുമ്മൽ രമേശന്റെ ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും കിടന്നുറങ്ങിയ കട്ടിലിലെ തലയണക്ക് അടിയിൽ ഞായറാഴ്ച്ച രാവിലെയാണ് പാമ്പിനെ കണ്ടത്.
ആദ്യം തലയണയ്ക്ക് അടിയിലാണ് ഒരു പാമ്പിനെ കണ്ടത്. അതിനെ എടുത്തു മാറ്റി ഏറെനേരം കഴിയും മുമ്പേ തന്നെ എട്ടു വയസ്സുള്ള പെൺകുട്ടി ബാത്ത് റൂമിൽ കയറിയപ്പോൾ അവിടെയും ഒരു വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി.
തുടർന്ന് രമേശൻ വീടിന്റെ മറ്റ് റൂമുകൾ പരിശോധിക്കുമ്പോൾ ഒരു പാമ്പിനെ കൂടി കണ്ടെത്തി. രാത്രിയിൽ നാട്ടുകാർ എത്തി വീടും പരിസരവും ഒന്നുകൂടി അരിച്ചുപെറുക്കി പരിശോധിച്ചപ്പോൾ രണ്ട് വെള്ളിക്കെട്ടൻ പാമ്പുകളെ കൂടി കണ്ടെത്താൻ കഴിഞ്ഞു.
ഈ വീട്ടിൽ നിന്നും ആകെ അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകളെയാണ് കണ്ടെത്തിയത്. അപകടം ഉണ്ടാകാത്തതിൽ ആശ്വസിക്കുമ്പോഴും ഭീതി ഒഴിയുന്നില്ലെന്ന് രമേശൻ പറഞ്ഞുഅച്ഛനും അമ്മയും, ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ആറുപേരാണ് രമേശന്റെ വീട്ടിൽ ഉണ്ടായിരുന്നത്.
ഭിത്തികൾഎല്ലാം സിമന്റ് ചെയ്ത് നിലം മുഴുവനായും ടൈൽ പാകിയ വീട്ടിനുള്ളിലാണ് പാമ്പുകളെ കണ്ടത് എന്നത് എല്ലാവരും ശ്രദ്ധിക്കണമെന്ന് കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകൻ കൂടിയായ രമേശൻ പറഞ്ഞു.
