കല്യാശ്ശേരിയിൽ ടോൾ പ്ലാസയുടെ നിർമാണം വേഗത്തിലായി

Share our post

കല്യാശ്ശേരി : ദേശീയപാത-66 വികസനത്തിന്റെ ഭാഗമായി കേരളത്തിൽ ഉടനീളം പുതിയ ടോൾ പ്ലാസകളുടെ നിർമാണവും വേഗത്തിലായി. ദേശീയപാതാ വികസനപ്രവൃത്തികൾ പൂർത്തിയാക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവന്നേക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പല റീച്ചുകളിലും ഇപ്പോഴു നിർമാണം ഒച്ചിന്റെ വേഗത്തിലാണ്. അതിനിടെ കല്യാശ്ശേരി ഹാജി മെട്ടയിൽ വരുന്ന ടോൾ പ്ലാസയുടെ നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് ആകെ 13 ടോൾ പ്ലാസകൾ നിർമിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. ഓരോ 60 കിലോമീറ്റർ പരിധി കഴിയുമ്പോഴും ഒരു ടോൾ പ്ലാസ എന്ന കണക്കിലാണ് നിർമാണം വിഭാവനംചെയ്തത്. എന്നാൽ വ്യതിചലിച്ചും ചിലസ്ഥലത്ത് ടോൾ പ്ലാസകൾ ഉയർന്നതോടെ വലിയ പ്രതിഷേധമാണ് പലഭാഗത്തുനിന്നും ഉയർന്നത്. ഇതിന്റെ ഭാഗമായാണ് കാസർകോട് ആരിക്കാടി ടോൾ പ്ലാസ തന്നെ അടച്ചിടേണ്ട അവസ്ഥയുണ്ടായത്. കല്യാശ്ശേരി ഹാജി മെട്ടയ്ക്ക് പുറമേ വടക്കൻ ജില്ലകളിൽ കാസർകോട് ജില്ലയിലെ പുല്ലൂർ-പെരിയ കോഴിക്കോട് ചോമ്പാല എന്നിവിടങ്ങളിലും ടോൾ പ്ലാസയുടെ നിർമാണം പുരോഗമിക്കുകയാണ്.

മറ്റു സ്ഥലങ്ങളിൽനിന്ന്‌ വ്യത്യസ്തമായി കേരളത്തിലെ പല സ്ഥലത്തും ഏറ്റെടുത്ത ഭൂമിയുടെ വീതി കുറവ് ടോൾ പ്ലാസയുടെ നിർമാണങ്ങൾക്കും പല നിയന്ത്രണങ്ങളും ഉണ്ടാക്കുന്നുണ്ട്. സാധാരണ ടോൾ പ്ലാസകൾ ഒരു ലൈനിൽതന്നെ ഇരുഭാഗത്തേക്കും നാലും അഞ്ചും ട്രാക്കുകൾ വഴി കടന്നുപോകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

എന്നാൽ കല്യാശ്ശേരി ഹാജി മെട്ടയിൽ ഒരു ലൈനിൽ ഇരുഭാഗത്തേക്കും ഉള്ള ട്രാക്കുകൾ ഒരുക്കാതെ ഓരോഭാഗത്തേക്കും രണ്ട് വ്യത്യസ്തഭാഗത്ത് ട്രാക്കുകൾ ഒരുക്കുന്ന സംവിധാനമാണ് ഉള്ളത്.

കല്യാശ്ശേരി ഹാജി മെട്ടയിൽ ഇരുഭാഗത്തേക്കും അടുത്തടുത്ത രണ്ട് വ്യത്യസ്തകേന്ദ്രങ്ങളിലായി നാലുവീതം ട്രാക്കുകൾ ഒരുക്കുന്നരീതിയാണ് പാലിച്ചിട്ടുള്ളത്. ടോൾ പ്ലാസയുടെ നിർമാണം പൂർത്തിയാക്കി റോഡ് തുറന്നുകൊടുക്കുന്നതോടെ കല്യാശ്ശേരി പഞ്ചായത്ത് പരിധിയിൽ മാങ്ങാടിനും കല്യാശ്ശേരിക്കും ഇടയിലെ ഗ്രാമീണ റോഡുകളിലേക്കുള്ള പ്രവേശന സംവിധാനത്തെക്കുറിച്ച് പ്രദേശവാസികൾക്ക് വലിയ ആശങ്കയും നിലനിൽക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!