താങ്ങാനാകാത്ത ഉപഭോഗ ഭാരം: രണ്ടുമാസത്തിനുള്ളിൽ 222 ട്രാൻസ്ഫോർമറുകൾ കത്തി
പയ്യന്നൂർ: വൈദ്യുതിയുടെ ഉപഭോഗഭാരം താങ്ങാനാകാതെ രണ്ടുമാസത്തിനുള്ളിൽ കേരളത്തിൽ കത്തിയത് 222 ട്രാൻസ്ഫോർമറുകൾ. മാർച്ചിൽ 93 എണ്ണവും ഏപ്രിൽ 25 വരെയായി 129 എണ്ണവും കത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ട്രാൻസ്ഫോർമറുകൾ കത്തിയത് കണ്ണൂർ ജില്ലയിലാണ് -33 എണ്ണം.
കണ്ണൂർ വൈദ്യുതി സർക്കിളിന് കീഴിൽ 20 എണ്ണവും ശ്രീകണ്ഠപുരം സർക്കിളിന് കീഴിൽ 13 എണ്ണവും കത്തി. കേരളത്തിൽ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിലെത്തിയതാണ് ട്രാൻസ്ഫോർമർ കത്താനുണ്ടായ പ്രധാന കാരണം. ലോഡ് കൂടിയപ്പോൾ ട്രാൻസ്ഫോർമറുകളും ഓവർ ലോഡായി. 11 കെ.വി. ലൈനിൽ ആവശ്യമായ വൈദ്യുതിലഭ്യത കുറഞ്ഞപ്പോൾ വോൾട്ടേജ് കുറഞ്ഞു. സെറ്റ് ചെയ്ത് ആംപിയർ പരിധിക്ക് മുകളിൽ ലോഡ് വന്നപ്പോൾ ട്രാൻസ്ഫോർമറുകൾ ചൂടായി കത്തി.
100 കെ.വി.എ. ട്രാൻസ്ഫോർമറിന് 2.50 ലക്ഷത്തിന് മുകളിലാണ് ചെലവ്. ഒരു 11 കെ.വി. ട്രാൻസ്ഫോർമർ പരിധിയിൽ ശരാശരി 300-400 ഗാർഹിക ഉപഭോക്താക്കളുണ്ട്. കത്തിയവയ്ക്ക് പകരം വെക്കാൻ നിലവിൽ ട്രാൻസ്ഫോർമറുകൾ ഉണ്ടെന്നാണ് കെ.എസ്.ഇ.ബി. അധികൃതർ പറയുന്നത്. ഇത്തവണ വൈദ്യുതിയുടെ ഉപയോഗം പല ദിവസങ്ങളിലും 5800 മെഗാവാട്ടിന് മുകളിലേക്ക് പോയി. ഏപ്രിൽ 18-ന് 6033 മെഗാവാട്ട് എന്ന സർവകാല റെക്കോഡിലെത്തി.
ഉത്തരമലബാറിൽ വൈദ്യുതി ഉപയോഗം 900 മെഗാവാട്ട് കഴിഞ്ഞു. എന്നാൽ വൈദ്യുതിയെത്തുന്ന അരീക്കോട്-കാഞ്ഞിരോട് ലൈനിന്റെ ശേഷി 600 മെഗാവാട്ട് മാത്രമായത് പ്രതിസന്ധി രൂക്ഷമാക്കി.
കത്തിയ ട്രാൻസ്ഫോർമറുകൾ: (വൈദ്യുതി സർക്കിൾ)
കാസർകോട്-നാല്, കണ്ണൂർ-20, ശ്രീകണ്ഠപുരം-13, നിലമ്പൂർ-21, തിരൂർ-31, പാലക്കാട്-16, വടകര-അഞ്ച്, കോഴിക്കോട്-23, ഷൊർണൂർ-15, പെരുമ്പാവൂർ-ഒൻപത്, എറണാകുളം-എട്ട്, ഹരിപ്പാട്-14, പാലാ-ഒന്ന്, ഇരിഞ്ഞാലക്കുട-ഒന്ന്, കോട്ടയം-രണ്ട്, കാട്ടാക്കട-13, തിരുവനന്തപുരം-26.
