ഇളനീർ കുടിച്ച് ദാഹമകറ്റാമെന്ന് കരുതേണ്ട; കരിക്കും കിട്ടാനില്ല
കൊല്ലം: വേനൽ ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ ആശ്വാസമായിരുന്ന കരിക്കിനും വില പൊള്ളുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കരിക്കിന്റെ വരവ് ഗണ്യമായി കുറഞ്ഞതോടെയാണ് വിപണിയിൽ വില വർധിച്ചത്. ആവശ്യക്കാർ ഏറുകയും ലഭ്യത കുറയുകയും ചെയ്തതോടെ പലയിടങ്ങളിലും കരിക്കിന്റെ വില 60 രൂപ കടന്നു.
ഏപ്രിൽ മാസം ആരംഭിച്ചതോടെയാണ് വിലയിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയത്. നേരത്തെ 50 രൂപയായിരുന്ന കരിക്കിന് ഇപ്പോൾ 60 രൂപയാണ് ഈടാക്കുന്നത്. ചുവന്ന കരിക്കിന് 70 രൂപ വരെ നൽകേണ്ട അവസ്ഥയാണെന്ന് കൊല്ലം ജില്ലയിലെ ആശ്രാമം മേഖലയിലുള്ള വ്യാപാരികൾ വ്യക്തമാക്കുന്നു. കേരളത്തിൽ ആവശ്യത്തിന് കരിക്ക് ലഭ്യമല്ലാത്തതും അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ലോഡുകൾ കുറഞ്ഞതുമാണ് ഈ പ്രതിസന്ധിക്ക് കാരണം.
ചൂട് സഹിക്കാനാവാതെ ദാഹമകറ്റാൻ കരിക്കിനെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് വില വർധനവ് വലിയ തിരിച്ചടിയാണ്. വില കൂടിയാലും മറ്റു വഴികളില്ലാത്തതിനാൽ കരിക്ക് വാങ്ങേണ്ടി വരുന്നതായി ഉപഭോക്താക്കൾ പറയുന്നു. എന്നാൽ മൊത്തവ്യാപാര വിപണിയിൽ വില ഉയർന്നതിനാൽ നിരക്ക് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് ചെറുകിട കച്ചവടക്കാരുടെ നിലപാട്.
വരും ദിവസങ്ങളിലും ചൂട് ഇതേ നിലയിൽ തുടരുകയാണെങ്കിൽ കരിക്കിന്റെ ലഭ്യത ഇനിയും കുറയാനും വില വീണ്ടും ഉയരാനും സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. ദാഹമകറ്റാൻ ഓടി എത്തുന്നവർക്ക് പലപ്പോഴും ആവശ്യത്തിന് കരിക്ക് നൽകാൻ കഴിയാത്ത സാഹചര്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
