വ്യക്തമായ കുറിപ്പടി നൽകാൻ ഡോക്ടർമാർക്ക് സർക്കാർ മാർഗനിർദേശം നൽകണം -മനുഷ്യാവകാശ കമ്മിഷൻ
കോഴിക്കോട്: വ്യക്തമായി വായിക്കാൻകഴിയുന്ന കുറിപ്പടി നൽകുന്നതിനായി ഡോക്ടർമാർക്കുള്ള മാർഗനിർദേശം പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി.
മാർഗനിർദേശം ലംഘിക്കുന്ന ഡോക്ടർമാർക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. കുറിപ്പടി ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ചട്ടങ്ങൾപാലിച്ച് വലിയ അക്ഷരത്തിൽ വ്യക്തമായി എഴുതേണ്ടത് രോഗിയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. അവ്യക്തമായ കുറിപ്പടി നൽകുന്നത് ഗുരുതരനിയമലംഘനമാണ്.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ കീഴിലുള്ള ചെറൂപ്പ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വ്യക്തമല്ലാത്ത കുറിപ്പടി കാരണം മരുന്നുമാറിനൽകി വയോധികൻ അപകടാവസ്ഥയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സംഭവത്തിൽ ഡി.എം.ഒ.യുടെ നേതൃത്വത്തിൽ വിദഗ്ധസമിതി രൂപവത്കരിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ ഉചിതമായ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
ഡോക്ടറുടെ കുറിപ്പടിയിലെ അവ്യക്തതയാണ് മരുന്ന് മാറിനൽകാൻ കാരണം. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണവിഭാഗം അന്വേഷണം നടത്തിയിരുന്നു. പരാതിക്കാർക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും തുടർചികിത്സ ആവശ്യമാണെങ്കിൽ അത് സൗജന്യമായി നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
