പകരംതീരുവ ആഞ്ഞടിച്ചിട്ടും റെക്കോർഡ് തേരോട്ടത്തിൽ ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി; മിന്നും താരം ചെമ്മീൻ

Share our post

കൊച്ചി∙ പകരം തീരുവ പ്രശ്നത്തിൽ യുഎസിലേക്കുള്ള സമുദ്രോൽപന്ന കയറ്റുമതി മുൻ വർഷത്തെക്കാൾ കുറഞ്ഞിട്ടും 2025-26ൽ ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി റെക്കോർഡ് ഉയരത്തിൽ.

സമുദ്രോൽപന്ന കയറ്റുമതി മൂല്യം ചരിത്രത്തിലാദ്യമായി 72,000 കോടി രൂപയും കടന്നു. ചൈന, യൂറോപ്യൻ യൂണിയൻ, തെക്കുകിഴക്കൻ ഏഷ്യൻ വിപണികളാണു വളർച്ചയ്ക്കു പിൻബലമായത്. ഇടിവുണ്ടെങ്കിലും ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായി യുഎസ് തുടരുന്നു.

സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കണക്കു പ്രകാരമാണിത്. 2025-26ൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി 19,32,347 മെട്രിക് ടണ്ണായി ഉയർന്നു. 72,325.82 കോടി രൂപയാണ് മൂല്യം. അളവിൽ 5.59 ശതമാനവും മൂല്യത്തിൽ 6.46 ശതമാനവും വളർച്ച. കഴിഞ്ഞ വർഷത്തെ കയറ്റുമതി അളവ് 18,29,945 മെട്രിക് ടണ്ണും മൂല്യം 67,936.93 കോടി രൂപയുമായിരുന്നു. ഡോളറിന്റെ മൂല്യത്തിൽ 2.38% വളർച്ച നേടി.

മിന്നും ചെമ്മീൻ

മുൻവർഷങ്ങളിലെ പോലെ ശീതീകരിച്ച ചെമ്മീൻ തന്നെയാണു കയറ്റുമതിയിൽ മുന്നിൽ– അളവ് 8,45,012 മെട്രിക് ടൺ, മൂല്യം 47,973.13 കോടി. ആകെ കയറ്റുമതി വരുമാനത്തിന്റെ മൂന്നിൽ രണ്ടും ഈ ഇനത്തിൽ‌ നിന്നാണ്. അളവിൽ 43.73 ശതമാനവും ഡോളർ വരുമാനത്തിൽ 66.61 ശതമാനവും ചെമ്മീനാണ്.

ശീതീകരിച്ച മത്സ്യം, കണവ, കൂന്തൽ, ഉണക്കമീൻ, ജീവനുള്ള ഇനങ്ങൾ എന്നിവയുടെ കയറ്റുമതിയിലും വർധനയുണ്ട്. എന്നാൽ തണുപ്പിച്ച ഉൽപന്നങ്ങളുടെ കയറ്റുമതി അളവും മൂല്യവും കുറഞ്ഞു. സുരിമി, സുരിമി അനലോഗ് ഉൽപന്നങ്ങൾ, ഫിഷ്മീൽ, ഫിഷ് ഓയിൽ എന്നിവയുടെ കയറ്റുമതി മെച്ചപ്പെട്ടു.

പ്രധാന വിപണികൾ

മൊത്തം കയറ്റുമതി മൂല്യത്തിന്റെ 28.11% വരുന്ന 2.32 ബില്യൻ ഡോളർ മൂല്യമുള്ള സമുദ്രോൽപന്നങ്ങളുമായി യുഎസ് ഏറ്റവും വലിയ വിപണിയായി തുടരുന്നു. പകരം തീരുവ കാരണം മുൻവർഷത്തെ അപേക്ഷിച്ച് ഡോളർ മൂല്യത്തിൽ 14.5%, അളവിൽ 19.8% എന്നിങ്ങനെ ഇടിവുണ്ടായി.

രണ്ടാമത്തെ വലിയ വിപണിയായ ചൈനയിലേക്കുള്ള കയറ്റുമതി അളവിൽ 20.1 ശതമാനവും മൂല്യത്തിൽ 22.7 ശതമാനവും വളർച്ച നേടി. യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി അളവിൽ 35.2%, മൂല്യത്തിൽ 37.9% വർധിച്ചു. തെക്കുകിഴക്കൻ ഏഷ്യയിലേക്ക് അളവിൽ 28.2%, മൂല്യത്തിൽ 36.1% വളർച്ച നേടി. ജപ്പാനിലേക്കുള്ള കയറ്റുമതി മൂല്യത്തിൽ 6.55% വളർച്ചയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!