കണ്ണൂര്‍ സൂപ്പര്‍ ഡിവിഷൻ ലീഗ് ഫുട്ബോള്‍ 25 മുതൽ
കണ്ണൂർ: ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന കണ്ണൂര്‍ സൂപ്പര്‍ ഡിവിഷന് ലീഗ് ഫുട്ബോൾ 25ന് തുടങ്ങും. കണ്ണൂര്‍ ജവഹര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം 4.30 നാണ് മത്സരങ്ങള്‍. കണ്ണൂര്‍ യുണൈറ്റഡ് എഫ്സി, സ്പോര്‍ട്സ് ഡവലപ്പ്മെന്റ് ട്രസ്റ്റ്, എസ്എന്‍ കോളജ്, കേനന്നൂര്‍ സ്പിരിറ്റഡ് യൂത്ത് ക്ലബ്, പയ്യന്നൂര്‍ കോളജ്, ദി ബ്രദേഴ്സ് ക്ലബ്, ജിംഖാന എഫ്സി, യംഗ് ചാലഞ്ചേര്‍സ് ക്ലബ് മയ്യില്‍ എന്നീ എട്ട് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുക.
ലീഗ് അടിസ്ഥാനത്തിലാണ് മത്സരം നടക്കുക. ലീഗിലെ വിജയിക്ക് കേരള പ്രീമിയര്‍ ലീഗ് രണ്ടാം ഡിവിഷന്റെ യോഗ്യത മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ആദ്യ മത്സരത്തില്‍ കണ്ണൂര്‍ യുണൈറ്റഡ് എഫ്സി സ്പോര്‍ട്സ് ഡവലപ്പ്മെന്റ് ട്രസ്റ്റുമായി ഏറ്റുമുട്ടും. 28 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ചാമ്പ്യന്‍ഷിപ്പ്.
സൂപ്പര്‍ ഡിവിഷൻ ലീഗിന്റെ ലോഞ്ചിംഗ് കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് മേയര്‍ പി. ഇന്ദിര നിര്‍വഹിച്ചു.
ജവഹര്‍ സ്റ്റേഡിയത്തെ ഉന്നത നിലവാരമുള്ള സ്റ്റേഡിയമാക്കുന്നതിനുള്ള നടപടികള്‍ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും 5000 പേര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമടക്കമുള്ള വികസനമാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അതിനുള്ള ഡിപിആര്‍ തയാറാക്കികൊണ്ടിരിക്കുകയാണെന്നും മേയർ പറഞ്ഞു. കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് നവാസ് മീരാന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ ജില്ലാ സെക്രട്ടറി കെ.വി. അശോക്കുമാര് പ്രകാശനം ചെയ്തു. ലീഗ് മത്സരത്തിനുള്ള ബോള്‍ ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജ് ലോഞ്ച് ചെയ്തു. ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന കളിക്കാരെ കണ്ടെത്താന്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായിരുന്ന പി.കെ. ബാലചന്ദ്രൻ, എൻ. നജീബ്, കേരള പോലീസ് താരങ്ങളായ വി. മുരളി, എൻ. മോഹനന് എന്നിവരടങ്ങുന്ന പ്രത്യേകം സെലക്ഷന് കമ്മിറ്റിയെ നിയമിച്ചു.
