കശുവണ്ടി: പ്രകൃതി കനിഞ്ഞിട്ടും സർക്കാർ കനിഞ്ഞില്ല
ഇരിട്ടി: മലയോര കർഷകരെ സംബന്ധിച്ച് കശുവണ്ടി കൃഷി പ്രധാന വരുമാന മാർഗമാണ്. മഴക്കാലത്തിന് മുമ്പ് ലഭിക്കുന്ന വരുമാന മാർഗം എന്നതുകൊണ്ട് തന്നെ പല കുടുംബങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ നിറവേറുന്നത് കശുവണ്ടി വരുമാനത്തിലൂടെയാണ്.
മുൻവർഷങ്ങളെ അപേഷിച്ച് ഈ വർഷം കശുവണ്ടി കർഷകർ വിളവെടുപ്പിന്റെ കാര്യത്തിൽ ഒരു പരിധിവരെ സംതൃപ്തരാണ്. കൃത്യമായി മരുന്നടിച്ച് സമയത്ത് വളപ്രയോഗം നടത്തി നല്ല പരിചരണമുള്ള തോട്ടങ്ങളിൽ നല്ല വിളവ് ലഭിച്ചതായി കർഷകർ പറയുന്നു. ഇതെല്ലാം ഒരുവശത്തുപറയുമ്പോൾ കുത്തനെ ഉയർന്ന ഉത്പാദനച്ചെലവും തൊഴിലാളികളുടെ കൂലിയും കശുവണ്ടി കർഷകരെ വട്ടം ചുറ്റിക്കുകയാണ്.
ഉത്പാദനച്ചെലവ് പതിന്മടങ്ങ് വർധിച്ചു
കൃത്യമായ പരിപാലനവും വളപ്രയോഗങ്ങളും നടത്തിയാൽ കശുവണ്ടി ഉത്പാദനം വർധിക്കുമെങ്കിലും ഉത്പാദനച്ചെലവും കശുവണ്ടിക്ക് നിലവിൽ മാർക്കറ്റിൽ ലഭിക്കുന്ന വിലയും കർഷകന് ലാഭകരമല്ല. കശുവണ്ടി ശേഖരിക്കുന്നതിന് നൽകേണ്ടിവരുന്ന ഉയർന്ന കൂലി വലിയ വെല്ലുവിളിയാണ്.
വളമിടൽ, മരുന്നടിക്കൽ, കശുമാവിന്റെ ചുവട് തെളിക്കൽ തുടങ്ങിയവയുടെ കൂലിയും ചെലവും കണക്കാക്കിയാൽ ഒടുവിൽ കർഷർക്ക് മിച്ചമൊന്നും അവശേഷിക്കാത്ത സ്ഥിതിയാണ്. കശുവണ്ടി സീസണിന്റെ ആരംഭ ഘട്ടത്തിൽ 165 രൂപ വരെ വില ലഭിച്ചിരുന്നു.
ഇത് മറ്റ് സീസണുകളെ അപേഷിച്ച് മെച്ചപ്പെട്ട വിലയാണെന്ന് കർഷകർ സമ്മതിക്കുന്നു. എന്നാൽ ഇപ്പോഴത് 148 രൂപയായി താഴ്ന്നു.
ഒരു മഴകൂടി പെയ്താൽ വില കുത്തനെ 100 രൂപയിലും താഴോട്ട് പോകും. ഇതോടെ രണ്ടാംവിളവ് ലഭിക്കുന്ന കർഷകർക്ക് തൊഴിലാളികൾക്ക് നൽകേണ്ട കൂലിതുക പോലും ലഭിക്കാതെ വരും.
200 രൂപ അടിസ്ഥാനവില ലഭിക്കണം
മാറിമാറി വരുന്ന സർക്കാരുകൾ കശുവണ്ടി കർഷകരെ പാടെ അവഗണിക്കുകയാണ് പതിവ്. നിലവിലെ ജീവിത സഹചര്യങ്ങളും പരിപാലനച്ചെലവും കൂലിയും കണക്കാക്കിയാൽ കശുവണ്ടിക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന വില 200 രൂപയെങ്കിലുമായി നിജപ്പെടുത്തണം. ഇതിനായി സർക്കാരിന്റെ ഭാഗത്തുനിന്ന് കശുവണ്ടി സംഭരണ സംവിധാനം ആരംഭിക്കണം. സീസൺ ആരംഭം മുതൽ അവസാന വരെ സംഭരണം ഉറപ്പ് വരുത്താൻ സർക്കാർ തയാറാകണം. ഈ വർഷവും സർക്കാർ തറവില ഉൾപ്പെടെ പ്രഖ്യാപിക്കാൻ തയാറായിട്ടില്ല.
പുതിയ ഹൈബ്രിഡ്, ഗ്രാഫ്റ്റ് കശുമാവിൻ തൈകളും വിതരണം നടത്തിയിട്ടുണ്ട്. കശുമാവ് വികസന ഏജൻസി, കാഷ്യൂ ആൻഡ് കൊക്കോ ഡയറക്ടറേറ്റ് തുടങ്ങിയ സർക്കാർ ഏജൻസികളും കാഷ്യൂ സെൽ തുടങ്ങിയ കർഷക സംഘടനകളും ഇതിനായി മുന്നോട്ട് വന്നിട്ടുണ്ട് . ഇതിലൂടെ ഉത്പാദനത്തിൽ വർധന സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ആഭ്യന്തര ഉപയോഗത്തിന് ആവശ്യമായ കശുവണ്ടി ഉത്പാദനത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല . ഇറക്കുമതിയും വിപണിയിലെ ചാഞ്ചാട്ടവും വിദേശ രാജ്യങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് കശുവണ്ടി എത്തുന്നതും ആഭ്യന്തര വിപണിയെ കാര്യമായി ബാധിക്കാറുണ്ട്.
കശുവണ്ടി കർഷകന് അവഗണന
2026-27വർഷത്തെ ബജറ്റിൽ കശുവണ്ടി മേഖലയ്ക്ക് വകയിരുത്തിയത് 142 കോടി രൂപയാണ്. എന്നാൽ ഇതിൽ ഏഴ് കോടി രൂപ മാത്രമാണ് കൃഷി വ്യാപനത്തിന് മാറ്റിവച്ചിട്ടുള്ളത്. കണക്കുകൾ തന്നെ സൂചിപ്പിക്കുന്നത് കശുവണ്ടി കർഷകരോടുള്ള അവഗണന തന്നെയാണ്. ഓരോ വർഷവും പ്രകൃതിഷോഭത്തിലും കീടങ്ങളുടെ ആക്രമണത്തിലും കശുമാവുകൾക്ക് നാശനഷ്ടം സംഭവിക്കുമ്പോൾ വെറും തുച്ഛമായ നഷടപരിഹാരം മാത്രമാണ് കർഷകന് ലഭിക്കുന്നത്. ഇതിനായി സർക്കാർ സംവിധാങ്ങൾ ഉൾപ്പെടെ മറിചിന്തിക്കണം.
