പേരാവൂർ ഇനി സുന്ദരം ശുചിത്വം
പേരാവൂർ: പുതിയ ഭരണ സമിതിയുടെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായ ശുചിത്വ- സുന്ദര പേരാവൂർ യാഥാർഥ്യത്തിലേക്ക്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. ഡി.വൈ.എസ്.പി എ.വി.ജോൺ മുഖ്യാതിഥിയായി. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം.സുനിൽ കുമാർ പദ്ധതി വിശദീകരിച്ചു.
വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്,ബ്ലോക്ക് പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, പഞ്ചായത്തംഗങ്ങളായ കെ.പി.അബ്ദുൾ റഷീദ്, ജൂബിലി ചാക്കോ, ബേബി സോജ, കെ.കെ.സ്മിത, ഷീബ ഗോപിനാഥ്, റാണി ടോമി, സെക്രട്ടറി ബാബു തോമസ്, കെ.രഗിലാഷ്, എം.സി.കുട്ടിച്ചൻ, ഷൈമ, ഷൈന, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, വ്യാപാരി സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി ടൗണിലെ വിവിധയിടങ്ങളിൽ ചുമർ ചിത്രങ്ങളൊരുക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ചെടിച്ചട്ടികളും സ്ഥാപിച്ചു. ശുചിത്വത്തിന്റെ ഭാഗമായി ടൗണിലെ മുഴുവൻ ഓടകളും തുറന്ന് ശുചീകരിക്കാനുള്ള പദ്ധതിക്ക് രണ്ട് ലക്ഷം രൂപ വകയിരുത്തിയതായി പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ പറഞ്ഞു.
ടൗണിൽ 24 മണിക്കൂറും ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഉദ്ഘാടനം അടുത്ത ദിവസം നടക്കും. പൊതുജനങ്ങൾക്ക് വിശ്രമിക്കാൻ പുതിയ ബസ് സ്റ്റാൻഡിനു സമീപം സ്നേഹാരാമത്തിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്.
