നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

Share our post

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി സുഹൈല്‍ മദ്യപിച്ച ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് ബാറുകളുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. വൈറ്റില ദയ, പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസ് , നെടുമ്പാശ്ശേരി കോര്‍ട്ട് യാര്‍ഡ് ബൈ മാരിയറ്റ് ബാറുകള്‍ക്കെതിരെയാണ് നടപടി. അന്വേഷണ വിധേയമായയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ നടപടികള്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

സസ്‌പെന്‍ഡ് ചെയ്ത മൂന്ന് ബാറുകളിലും പ്രതി എത്തുന്നതും മദ്യപിച്ചതും എക്സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്നും എക്സൈസ് പ്രതികരിച്ചു. 19കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നല്‍കിയതിനാണ് കേസ്. കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി. പ്രായപൂര്‍ത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിനും പ്രതിക്കെതിരെ എക്സൈസ് കേസെടുത്തിരുന്നു. രണ്ടുവര്‍ഷം തടവും 5,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെയും പൊലീസിന്റെയും തീരുമാനം.

ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു. പ്രതി സുഹൈല്‍ സജീവ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയില്‍ യുവാവ് മൂന്ന് ബാറുകളില്‍ക്കയറി മദ്യപിച്ചിരുന്നു. ഇതിന്റെ വീഡിയോയും മൊബൈലില്‍ ചിത്രീകരിച്ചു. സുഹൃത്തിനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് പ്രതിയെത്തിയത്. വിമാനം എത്തുന്ന സമയം 2.40 ആയതിനാല്‍ വീണ്ടും ബാറുകളില്‍ പോയി മദ്യപിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!