സിനിമക്കിടെ പരസ്യങ്ങള്‍, പിവിആറിനെ കോടതി കയറ്റി അഭിഭാഷകന്
ഹൈദരബാദ്: സിനിമക്കിടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പിവിആര്‍ സിനിമാസിനെ കോടതി കയറ്റി അഭിഭാഷകന്. ഹൈദരാബാദിലാണ് സംഭവം. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് പിവിആറിന് 75,000 രൂപ പിഴയിടുകയും ചെയ്തു.
രാത്രി 10.35-ന് ആരംഭിക്കേണ്ടിയിരുന്ന സിനിമയ്ക്കായി രണ്ട് ടിക്കറ്റുകളാണ് ഇദ്ദേഹം ബുക്ക് ചെയ്തത്. സിനിമ തുടങ്ങേണ്ട സമയത്തിന് മുമ്പുതന്നെ തിയറ്ററില്‍ എത്തി സീറ്റില്‍ ഇരുന്നെങ്കിലും നിശ്ചിത സമയത്ത് സിനിമ ആരംഭിച്ചില്ല.പകരം പരസ്യങ്ങളും ട്രെയിലറുകളും തുടര്‍ന്നു. ഒടുവില്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാള്‍ 17 മിനിറ്റ് വൈകിയാണ് സിനിമ ആരംഭിച്ചത്. ഇതോടെ രാത്രി വീട്ടിലെത്തുന്ന സമയത്തിലും വലിയ മാറ്റമുണ്ടായതായി പരാതിക്കാരന് ആരോപിച്ചു. രാത്രി രണ്ട് മണിയോടെ വീട്ടിലെത്താനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും സിനിമ വൈകിയതോടെ മൂന്ന് മണിയോടെയാണ് വീട്ടിലെത്താന്‍ കഴിഞ്ഞത്.
സിനിമയ്ക്ക് മുമ്പ് ഇത്രയും ദൈര്‍ഘ്യമേറിയ വാണിജ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത് ഉപഭോക്തൃ സേവനത്തിലെ വീഴ്ചയാണെന്നായിരുന്നു പരാതിക്കാരന്റെ വാദം. കൂടാതെ, കേന്ദ്രസര്‍ക്കാറിന്റെ പരസ്യപ്രദര്ശനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ പിവിആര്‍ ആരോപണം അംഗീകരിച്ചില്ല. പരസ്യങ്ങളും ട്രെയിലറുകളും പ്രദര്‍ശിപ്പിക്കുന്നത് തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും, ഭരണഘടനയിലെ ആര്‍ട്ടിക്കള്‍ 19(1)(ജി) പ്രകാരം വ്യാപാരം നടത്താനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും കമ്പനി വാദിച്ചു. സിനിമയ്ക്ക് മുമ്പ് പ്രദര്‍ശിപ്പിച്ച ചില ഉള്ളടക്കങ്ങള്‍ സാക്ഷരത, കൃഷി, വനിതാ ക്ഷേമം, ശുചിത്വം തുടങ്ങിയ പൊതുതാല്പര്യ വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും പിവിആര്‍ വ്യക്തമാക്കി.
എന്നാല്‍ കമ്മീഷന് പിവിആറിന്റെ വാദം അംഗീകരിച്ചില്ല. മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം പൊതുസേവന സന്ദേശങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയപരിധിയും അവ പ്രദര്‍ശിപ്പിക്കേണ്ട സമയവും കമ്മീഷന് ചൂണ്ടിക്കാട്ടി. നിശ്ചിത സമയത്തിന് ശേഷവും ദീര്‍ഘനേരം വാണിജ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അന്യായമായ വ്യാപാരരീതിയായി കമ്മീഷന് വിലയിരുത്തി.
തുടര്‍ന്ന് പിവിആറിനോട് 75,000 രൂപ നല്കാന് കമ്മീഷന് നിര്‍ദേശം നല്കി. ഇതില്‍ 20,000 രൂപ ഉപഭോക്താവിനുള്ള നഷ്ടപരിഹാരവും 5,000 രൂപ നിയമനടപടികള്‍ക്കുള്ള ചെലവും ആണ്. ബാക്കി 50,000 രൂപ പിഴയായി ജില്ലാ ഉപഭോക്തൃ ക്ഷേമ ഫണ്ടിലേക്ക് അടയ്ക്കണം. കൂടാതെ, ഇത്തരം രീതിയില്‍ സിനിമാ പ്രദര്‍ശനം വൈകിപ്പിക്കുന്ന നടപടി തുടരരുതെന്നും കമ്മീഷന് നിര്‍ദേശിച്ചു.
