ഡിസ്‌പ്ലേയിലെ ‘ഗ്രീന്‍ ലൈന്‍’; സാംസങ്ങിനെ മുട്ടുകുത്തിച്ച് ഉപഭോക്താവ്, സൗജന്യ സര്‍വീസും കോടതിച്ചെലവും നല്‍കണം

Share our post

കോട്ടയം: ഫോണ്‍ ഡിസ്‌പ്ലേയില്‍ ‘ഗ്രീന്‍ ലൈന്‍’ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നിയമപോരാട്ടം നടത്തി നഷ്ടപരിഹാരവും കോടതിച്ചെലവും നേടി കോട്ടയം സ്വദേശി. ചങ്ങനാശേരിയിലെ പ്രേമചന്ദ്രന്‍ ശിവരാമനാണ് ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങിനെതിരെ നിയമപോരാട്ടം നടത്തിയത്

ഇദ്ദേഹത്തിന്റെ സാംസങ് ഗാലക്‌സി എസ് 21 എഫ്ഇ മോഡല്‍ ഫോണിലാണ് ഗ്രീന്‍ ലൈനുകള്‍ വീണത്. 56,000 രൂപക്ക് 2022 മേയിലാണ് ഫോണ്‍ വാങ്ങിയത്. 2024 ഫെബ്രുവരിയില്‍ ഡിസ്‌പ്ലേയില്‍ ലൈനുകള്‍ വീഴുകയായിരുന്നു. സര്‍വീസ് സെന്ററില്‍ ചോദിച്ചപ്പോള്‍ ഡിസ്‌പ്ലേ മാറ്റാന്‍ 9500 രൂപ ചെലവ് വരുമെന്ന് അറിയിച്ചു. തുടര്‍ന്ന് കമ്പനിയുമായി പലതവണ ബന്ധപ്പെട്ടപ്പോള്‍ സൗജന്യമായി ഡിസ്‌പ്ലേ മാറ്റിനല്‍കി.

എന്നാല്‍, 2025 സെപ്റ്റംബറില്‍ വീണ്ടും ഗ്രീന്‍ ലൈന്‍ വീണു. ഇത്തവണ സൗജന്യമായി ഡിസ്‌പ്ലേ മാറ്റിനല്‍കാന്‍ കമ്പനി തയ്യാറായില്ല. തുടര്‍ന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ കേസ് ഫയല്‍ ചെയ്തു. ഉപഭോക്താവിന് അനുകൂലമായാണ് കമ്മീഷന്‍ വിധിച്ചത്. ഫോണിന്റെ ഡിസ്പ്ലേ സൗജന്യമായി മാറ്റിനല്‍കാനും കോടതി ചെലവിലേക്കായി 3000 രൂപ നഷ്ടപരിഹാരം നല്‍കാനുമായിരുന്നു വിധി. കോടതി ഉത്തരവിനെ തുടര്‍ന്ന് കോട്ടയം സാംസങ് സര്‍വീസ് സെന്റര്‍ ഫോണിന്റെ ഡിസ്പ്ലേ സൗജന്യമായി മാറ്റിനല്‍കുകയും, കോടതി ചെലവായ 3000 രൂപയുടെ ചെക്ക് സാംസങ് കമ്പനി കൈമാറുകയും ചെയ്തു.

ഫോണിന്റെ വാറന്റി കഴിഞ്ഞതുകൊണ്ടോ കമ്പനി സര്‍വീസ് നിഷേധിച്ചതുകൊണ്ടോ നമ്മള്‍ പിന്മാറേണ്ടതില്ലെന്ന് പ്രേമചന്ദ്രന്‍ ശിവരാമന്‍ പറയുന്നു. ഉല്‍പന്നത്തിന് നിര്‍മ്മാണ തകരാര്‍ (മാനുഫാക്ചറിങ് ഡിഫക്ട്) ഉണ്ടെങ്കില്‍ പരിഹാരം ചോദിച്ചു വാങ്ങാന്‍ ഉപഭോക്തൃ അവകാശ നിയമങ്ങള്‍ നമ്മളെ സഹായിക്കും. സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ഇത്തരത്തില്‍ നിയമവഴിയിലൂടെ നീതി നേടിയെടുക്കാന്‍ തന്റെ ഈ അനുഭവം ഉപകരിക്കുമെന്ന് കരുതുന്നുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രേമചന്ദ്രന്‍ ശിവരാമന്‍ പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!