നാളെയാണ്, നാളെ… തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ; മിക്കസ്ഥലത്തും ടിക്കറ്റ് കിട്ടാനില്ല

Share our post

കണ്ണൂർ : 500 രൂപ മുടക്കിയാൽ 30 കോടിയുടെ ഭാഗ്യം തേടിയെത്താനുള്ള അവസരം ഇനി മണിക്കൂറുകൾ മാത്രം. സൂപ്പർഹിറ്റായ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ നടക്കാനിരിക്കെ മിക്കസ്ഥലത്തും ടിക്കറ്റ് ലഭിക്കാനില്ല. ജില്ലയിൽ ഇന്നലെവരെ വിറ്റത് 5,62,500 ടിക്കറ്റുകൾ. കണ്ണൂർ ജില്ലാ ഓഫിസിൽ 4,31,000 ടിക്കറ്റും പയ്യന്നൂരിൽ 1,31,500 ടിക്കറ്റും വിറ്റു.

ഒന്നാം സമ്മാനം 30 കോടി രൂപയാക്കിയതോടെയാണ് തിരുവോണം ബംപർ വിൽപന റെക്കോർഡിട്ടത്. 90 ലക്ഷം ടിക്കറ്റുകൾ വിൽക്കാനായിരുന്നു സർക്കാർ ലക്ഷ്യം. ഇന്നലെ വൈകിട്ട് 4,300 ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇന്ന് ഉച്ചയാകുമ്പോഴേക്കും അതും തീരും. നാളെ ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരത്ത് മന്ത്രി കെ.മുരളീധരൻ നറുക്കെടുക്കുന്നതോടെ 30 കോടിയുടെ ഭാഗ്യശാലിയെ അറിയാം. അതുവരെ ടിക്കറ്റെടുത്തവർക്ക് കോടീശ്വരനാകുന്നതു സ്വപ്നം കാണാം.

ടിക്കറ്റ് വിൽപനയിൽ കണ്ണൂർ ജില്ലാ ഓഫിസ് സംസ്ഥാനത്ത് ഏഴാം സ്ഥാനത്താണ്. പാലക്കാടാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. ജില്ലാ ഓഫിസിൽ 13.7 ലക്ഷം, പട്ടാമ്പിയിൽ 3.13 ലക്ഷം, ചിറ്റൂരിൽ 4.65 ലക്ഷം എന്നിങ്ങനെയാണ് വിൽപന. കഴിഞ്ഞ കൊല്ലത്തെ ഓണം ബംപർ 25 കോടി രൂപയുടേതായിരുന്നു. 5.27 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞകൊല്ലം ജില്ലയിൽ വിറ്റത്. ലോട്ടറി വിൽപനക്കാർക്ക് ബംപർ ടിക്കറ്റുകൾ ഏതു ജില്ലയിൽനിന്നും എടുക്കാമെന്നുള്ളതുകൊണ്ട് കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നെല്ലാമുള്ളവർ ഇവിടെ വന്നു ടിക്കറ്റ് വാങ്ങുന്നുണ്ടെന്ന് ജില്ലാ ലോട്ടറി ഓഫിസർ എം.കെ.രജിത്കുമാർ പറഞ്ഞു. രണ്ടാം സമ്മാനം ഒരു കോടി രൂപ, മൂന്നാം സമ്മാനം 25 ലക്ഷം, നാലാം സമ്മാനം 5 ലക്ഷം, അഞ്ചാം സമ്മാനം 2 ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക. 5,000, 2,000, 1,000, 500 രൂപയുടെ ആശ്വാസസമ്മാനങ്ങളുമുണ്ട്.

ആഴ്ച തോറുമുള്ള ലോട്ടറി ടിക്കറ്റുകൾക്കും ജില്ലയിൽ നല്ല വിൽപനയാണ്. തിങ്കൾ (ഭാഗ്യധാര), ചൊവ്വ (സ്ത്രീ ശക്തി), ബുധൻ (ധനലക്ഷ്മി), വ്യാഴം (കാരുണ്യ പ്ലസ്), വെള്ളി (സുവർണ കേരളം), ശനി (കാരുണ്യ), ഞായർ (സമൃദ്ധി) എന്നിങ്ങനെ 4.2 ലക്ഷം ടിക്കറ്റുകൾ ആഴ്ചതോറും വിൽപന നടക്കുന്നുണ്ട്. 50 രൂപയാണ് ഈ ടിക്കറ്റുകളുടെ വില.

ഓണം ബംപർ വിൽപന ലോട്ടറി വിൽപനക്കാർക്കും കൂടുതൽ കമ്മിഷൻ ലഭിക്കുന്ന സമയമാണ്. 5000 രൂപയ്ക്കുള്ള 10 ടിക്കറ്റുള്ള ബുക്കിന് 4,143 രൂപയാണ് ലോട്ടറി ഓഫിസിൽ അടയ്ക്കേണ്ടത്. 85.7 രൂപ ഒരു ടിക്കറ്റിൽ കമ്മിഷൻ ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!