സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളിൽ വൈദ്യുതി വാങ്ങിയ വകയിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളിൽ നിന്നും ഈ തുക ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ മാസത്തിൽ കെഎസ്ഇബിക്ക് അധികമായി വൈദ്യുതി വാങ്ങേണ്ടി വന്നതിനാൽ 6.29 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. ഈ തുകയാണ് സർചാർജ് രൂപത്തിൽ ഈടാക്കാൻ ബോർഡ് ലക്ഷ്യമിടുന്നത്.
ഇതനുസരിച്ച് പ്രതിമാസം വൈദ്യുതി ബില്ലടയ്ക്കുന്നവർക്കും രണ്ടുമാസത്തിലൊരിക്കൽ ബില്ലടയ്ക്കുന്നവർക്കും സർചാർജ് ബാധകമായിരിക്കും. പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് മൂന്ന് പൈസയും, ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് രണ്ട് പൈസയുമാണ് അധികമായി നൽകേണ്ടി വരിക. നിലവിൽ ഈ മാസം ഉപഭോക്താക്കൾക്ക് ഇന്ധന സർചാർജ് ഈടാക്കിയിരുന്നില്ല എങ്കിലും പുതിയ ബാധ്യതയെ തുടർന്ന് ഇത് പുനഃസ്ഥാപിക്കുകയായിരുന്നു.
കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പ്രകാരം, ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം വൈദ്യുതി വാങ്ങുന്നതിലുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ വൈദ്യുതി ബോർഡുകൾക്ക് അധികാരമുണ്ട്. ഇതനുസരിച്ചാണ് കെഎസ്ഇബി ഇപ്പോൾ വീണ്ടും സർചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ സർചാർജ് ഒഴിവാക്കിയത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായിരുന്നുവെങ്കിലും, പുതിയ തീരുമാനം സാധാരണക്കാരുടെ വൈദ്യുതി ബില്ലിൽ ചെറിയ തോതിൽ വർധനവുണ്ടാക്കാൻ കാരണമാകും.
