പൊട്ടിയ ഷൂസും ചെരുപ്പും ഇനി വെറുതെ കളയേണ്ട; ഗാർഡൻ അടിമുടി മാറ്റാൻ ഇതാ ചില വഴികൾ
ഗാർഡനിങ് ഏറെ ഇഷ്ടമുള്ളവരാണോ നിങ്ങൾ? ഒരുപാട് പണം ചെലവാക്കാതെ തന്നെ വീട്ടുപറമ്പിൽ മനോഹരമായൊരു പൂന്തോട്ടം ഒരുക്കാൻ ആഗ്രഹമുണ്ടെങ്കിൽ, വീട്ടിലെ പൊട്ടിയതും ഉപയോഗശൂന്യവുമായ പഴയ ഷൂസുകളും ചെരുപ്പുകളും ഇനി വെറുതെ കളയരുത്. അല്പം സർഗാത്മകത ഉണ്ടെങ്കിൽ ഇവ ഉപയോഗിച്ച് നിങ്ങളുടെ തോട്ടത്തെ കൂടുതൽ ആകർഷകമാക്കാൻ സാധിക്കും. പണം ഒട്ടും ചെലവാക്കാതെ ഗാർഡൻ അലങ്കരിക്കാൻ കഴിയുന്ന ചില രസകരമായ വഴികൾ താഴെ പറയുന്നവയാണ്
ഭിത്തികളെ അലങ്കരിക്കാൻ വെർട്ടിക്കൽ പ്ലാന്ററുകൾ
മതിലുകളിൽ തൂക്കിയിടാൻ കഴിയുന്ന വെർട്ടിക്കൽ പ്ലാന്ററുകളായി പഴയ ഷൂസുകളെ മാറ്റിയെടുക്കാം. ഗംബൂട്ടുകൾ, ക്ലോഗുകൾ അല്ലെങ്കിൽ കട്ടിയുള്ള പ്ലാസ്റ്റിക് ഷൂസുകൾ എന്നിവ മരപ്പലകയിലോ മതിലുകളിലോ ആണിയടിച്ച് എളുപ്പത്തിൽ ഉറപ്പിക്കാവുന്നതാണ്. ചെടിയുടെ വേരുകൾ അഴുകിപ്പോകാതിരിക്കാൻ ഷൂസിന്റെ അടിഭാഗത്ത് ചെറിയൊരു ദ്വാരം ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക. മണി പ്ലാന്റ്, ടർട്ടിൽ വൈൻ, ബേബി സൺ റോസ്, പത്തുമണി ചെടികൾ തുടങ്ങി താഴേക്ക് പടർന്നു വളരുന്ന ചെടികൾ നടാൻ ഈ രീതി വളരെ മികച്ചതാണ്.
മേശപ്പുറത്ത് വെക്കാൻ മിനി സക്കുലൻ്റ് ഗാർഡൻ
പഴയ തുകൽ ഷൂസുകളിലും ഉപയോഗശൂന്യമായ മറ്റ് ചെറിയ ചെരുപ്പുകളിലും അല്പം മണ്ണും ജൈവവളവും നിറച്ചാൽ മനോഹരമായൊരു മിനി ഗാർഡൻ റെഡി! കൂടുതൽ വെള്ളം ആവശ്യമില്ലാത്ത സക്കുലന്റുകൾ (Succulents), കള്ളിച്ചെടികൾ (Cactus), മറ്റ് ചെറിയ ഇൻഡോർ പ്ലാന്റുകൾ എന്നിവ ഇതിൽ വളരെ നന്നായി വളരും. ഇവ വീടിനുള്ളിലെ ജനൽപ്പടിയിലോ തോട്ടത്തിലെ മേശപ്പുറത്തോ വെക്കുന്നത് കൂടുതൽ ഭംഗി നൽകും.
കുട്ടികളുടെ ചെരുപ്പുകൾ പൂച്ചട്ടികളാക്കാം
കുട്ടികൾ ഉപയോഗിച്ചിരുന്ന പഴയ റബ്ബർ ചെരുപ്പുകളിൽ തിളക്കമുള്ള നിറങ്ങൾ അടിച്ചും മനോഹരമായ ചിത്രങ്ങൾ വരച്ചും അവയെ ആകർഷകമായ പൂച്ചട്ടികളാക്കാം. ഇതിൽ ചെറിയ പൂച്ചെടികൾ നട്ട് കുട്ടികളുടെ മുറിക്കടുത്തോ പൂന്തോട്ടത്തിന്റെ മുൻവശത്തോ വെക്കുന്നത് അവരിൽ പ്രകൃതിയോടും ചെടികളോടും കൂടുതൽ അടുപ്പം ഉണ്ടാക്കാൻ സഹായിക്കും.
ഗാർഡൻ ഡെക്കറേഷന് പുത്തൻ ലുക്ക്
ഉപയോഗശൂന്യമായ വലിയ ബൂട്ടുകളിൽ അക്രിലിക് അല്ലെങ്കിൽ സ്പ്രേ പെയിന്റുകൾ അടിച്ച് ഭംഗിയാക്കുന്നത് തോട്ടത്തിന് ഒരു വ്യത്യസ്ത ലുക്ക് നൽകും. ഇവ പുൽത്തകിടിയിലോ വലിയ ചെടിച്ചട്ടികളുടെ വശങ്ങളിലോ ഒരു അലങ്കാരമായി വെക്കാവുന്നതാണ്.
