പഴയ നാണയങ്ങളുണ്ടോ കയ്യിൽ? ഒരു രൂപ കൊടുത്ത് ഒന്നര ലക്ഷം വരെയും നേടാം; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ മാത്രം
മുതുമുത്തച്ഛന്മാരുടെ കാലം മുതൽക്കേ പരമ്പരാഗതമായി കൈമാറിവന്ന നാണയത്തുട്ടുകളെ വെറുമൊരു സ്മാരകമെന്നോണമാണോ നിങ്ങളും നോക്കിക്കാണാറുള്ളത്? അങ്ങനെ കണ്ണുമടച്ച് പെട്ടിയിൽ അടച്ചുവെക്കാൻ വരട്ടെ. പഴമയുടെ തനിമയൊട്ടും ചോരാത്ത വിന്റേജ് നാണയത്തുട്ടുകൾ ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റുപോകുന്നതായാണ് റിപ്പോർട്ട്.
ചരിത്രപ്രാധാന്യമുള്ളതോ, സവിശേഷമായ രാജാക്കന്മാരോടോ വ്യക്തിത്വങ്ങളോടോ ബന്ധമുള്ളതോ ആയ നാണയങ്ങൾക്ക് മോഹവില നൽകുന്നുണ്ടെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇത്തരത്തിൽ, നിസാരമെന്ന് കരുതി, ക്ലാവുപറ്റിയ പെട്ടിയിൽ എടുത്തുവെച്ച നാണയങ്ങളിൽ ഏതിനെല്ലാമാണ് മാർക്കറ്റിൽ പൊന്നുംവിലയുള്ളതെന്ന് പരിശോധിക്കാം.
പണ്ടുകാലങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന എല്ലാ നാണയങ്ങൾക്കും ഇന്ന് മാർക്കറ്റിൽ അതേ വിലയില്ലെന്നാണ് വിവരം. അതേസമയം, ചില പ്രത്യേക കാലയളവിലുള്ളതോ സംഭവങ്ങളുമായി ബന്ധപ്പെട്ടതോ ആയ നാണയങ്ങൾക്ക് പ്രതീക്ഷിക്കാത്ത വിലയാണ് വിപണിയിൽ ലഭിക്കുക. പ്രത്യേകിച്ച്, ബ്രിട്ടീഷ് ഭരണകാലയളവിൽ അച്ചടിച്ച നാണയങ്ങൾക്ക് എല്ലായ്പ്പോഴും സവിശേഷമായ മൂല്യം തന്നെയുണ്ട്.
കൂടാതെ, സ്വാതന്ത്ര്യത്തിന് ശേഷം 1950കളിലെ നാണയങ്ങൾക്കുമുണ്ട് ഏകദേശം സമാനമായ മൂല്യം. തീയതിയിലോ ഡിസൈനിലോ വന്ന അച്ചടിപ്പിശക് കാരണം വിപണിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട നാണയങ്ങൾക്കാണ് ഏറ്റവും ഉയർന്ന വിലയുള്ളത്. ദേശീയ ആഘോഷങ്ങൾ, വാർഷികങ്ങൾ, സവിശേഷമായ മുഹൂർത്തങ്ങൾ തുടങ്ങിയ ലിമിറ്റഡ് എഡിഷൻ നാണയങ്ങൾക്കും ചെറുതല്ലാത്ത വിലയുണ്ടെന്ന് വിവിധ ദേശീയ ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഒരു രൂപയുണ്ടോ? സമ്പന്നനാകാം
പഴയ നാണയത്തുട്ടുകളുടെ ഓൺലൈൻ വില നിങ്ങളെ അത്ഭുതപ്പെടുത്തുമെന്നതിൽ തർക്കിക്കാനൊന്നുമില്ല. നിസ്സാരമെന്ന് കരുതിയ ചില്ലറ നാണയങ്ങൾക്ക് പകരം ലക്ഷങ്ങൾ കയ്യിലെത്തുമെന്ന് കേൾക്കുമ്പോൾ ചെറിയ അളവിലെങ്കിലും അത്ഭുതം കൂറാത്ത മനുഷ്യരുണ്ടാകുമോ? 1939ലുള്ള ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു രൂപയുടെ സിൽവർ നാണയത്തിന് ഓൺലൈൻ ലേലങ്ങളിൽ ലക്ഷങ്ങളാണ് തുക. അഥവാ, ഒറ്റനോട്ടത്തിൽ സാധാരണ കോയിനെന്ന് തോന്നിപ്പിച്ചേക്കാമെങ്കിലും അൽപം പഴയതും പ്രാധാന്യമുള്ളതുമാണ് കയ്യിലുള്ളതെങ്കിൽ ഒറ്റരാത്രികൊണ്ട് സമ്പന്നനാകാമെന്ന് ചുരുക്കം.
മൂല്യം തിരിക്കുന്നത് നാല് കാര്യങ്ങളിൽ
- അത്യപൂർവങ്ങളിൽ അപൂർവമാണ് കയ്യിലുള്ള കോയിനെങ്കിൽ അറിയണം, വലിയ വിലയുണ്ട്.
- ചരിത്രപ്രധാനമായ ഏതെങ്കിലും സംഭവവുമായോ രാജാക്കന്മാരുമായോ ബന്ധമുണ്ടെങ്കിലും ചില്ലറ പോക്കറ്റ് നിറക്കും
- അച്ചടിപ്പിശക് കാരണം നിർത്തിവെച്ച അപൂർവങ്ങളിൽ അപൂർവ കോയിനുകൾക്കും മാർക്കറ്റിൽ വൻ വിലപേശലാണ് നടക്കുന്നത്. കരു നീക്കുന്നത് സൂക്ഷിച്ചെങ്കിൽ എളുപ്പം കാശുകാരനാകാം.
- ഏറെ പുരാതനമായതോ പോറലേൽക്കാത്തതുമായ നാണയങ്ങൾക്കും മോഹവില കിട്ടും, എടുത്തുവെച്ച് സമയത്തിന് ഉപയോഗിച്ചെങ്കിൽ മാത്രം.
പറ്റിക്കപ്പെടാതിരിക്കാൻ ഇക്കാര്യങ്ങളും അറിഞ്ഞുവെക്കാം
മറ്റെല്ലാ കാര്യങ്ങളിലേയും പോലെ ജാഗ്രത പാലിക്കുകയെന്നതാണ് നാണയ വിൽപ്പനയിലും പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അശ്രദ്ധരായ വിൽപനക്കാരെ ചാക്കിട്ട് പിടിക്കാനും പണം തട്ടാനും മാത്രമായി വല വിരിച്ച് കാത്തിരിക്കുന്ന നിരവധി ഫ്രോഡ് വെബ്സൈറ്റുകളുണ്ട് ചുറ്റിലും. ആധികാരികതയും വിശ്വാസ്യതയും പരിശോധിച്ചതിന് ശേഷം മാത്രം ചെന്നുചാടാം.
വിശ്വസനീയ ഉറവിടങ്ങൾ പരിശോധിച്ച് നാണയത്തിന്റെ മൂല്യം അളക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ നാണയത്തിന് മാർക്കറ്റിൽ എന്ത് വില വരും, എത്ര കിട്ടുമെന്നുള്ള കാര്യത്തിൽ ഏകദേശ ധാരണയെങ്കിലും നമുക്ക് ഉണ്ടായിരിക്കണം. വിശ്വസനീയമായ സൈറ്റുകൾ തേടിപ്പോകലാണ് രണ്ടാമത് ചെയ്യേണ്ടത്. ഇത് മാത്രമല്ല, ശ്രദ്ധിക്കാൻ വേറെയുമുണ്ട് കാര്യങ്ങൾ.
ഒരു നാണയത്തിന്റെ രൂപകൽപനയും തിളക്കവുമാണ് അതിന്റെ മൂല്യം നിർണയിക്കുന്നത്. വൃത്തിയുള്ളതും തേയ്മാനം കുറഞ്ഞതുമായ നാണയങ്ങൾക്ക് ഉയർന്ന വില ലഭിക്കും. നാണയത്തിന്റെ ഭാരം, ലോഹത്തിന്റെ തരം, അച്ചടിച്ച വർഷം എന്നിവ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. വിൽക്കുന്നതിന് മുൻപ്, ഒരു സർട്ടിഫൈഡ് നാണയ വിദഗ്ദ്ധനെയോ സ്ഥാപനത്തെയോ കൊണ്ട് അതിന്റെ യഥാർത്ഥ മൂല്യം വിലയിരുത്തിക്കുക. അജ്ഞാതമായ വെബ്സൈറ്റുകളെയോ അപരിചിതരുടെ ഫോൺ കോളുകളെയോ വിശ്വസിക്കരുത്. സ്ഥിരീകരിച്ച നാണ്യശേഖരണ സംഘടനകളിലൂടെയും ഇന്ത്യയിലെ പേരുള്ള ഓൺലൈൻ ലേല പ്ലാറ്റ്ഫോമുകളിലൂടെയും മാത്രം വിൽപന നടത്തുക.
