ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

Share our post

ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ വഴി വിൽപ്പനയ്ക്ക് വെച്ചതിനെ തുടർന്ന് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ് എന്നിവയുടെ ഫുഡ് ലൈസൻസുകൾ കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് താൽക്കാലികമായി സസ്പെൻഡ് ചെയ്തു.

ഉമ്മത്തിൻ കായയും വിത്തുകളും ഭക്ഷണത്തിന് ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളെന്ന തരത്തിൽ എഫ്എസ്എസ്എഐ രജിസ്ട്രേഷൻ നമ്പറുകളോടെയാണ് ഈ പ്ലാറ്റ്‌ഫോമുകളിൽ വിൽപ്പനയ്ക്ക് വെച്ചിരുന്നത്. ബെംഗളൂരു ജെസി നഗർ സ്വദേശി നൽകിയ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്.

ഉമ്മത്തിൻ കായയും വിത്തുകളും ഭക്ഷണാവശ്യത്തിനായി നൽകുന്ന തരത്തിലുള്ള എല്ലാ പരസ്യങ്ങളും ലിസ്റ്റിങ്ങുകളും ഉടൻ നീക്കം ചെയ്യണമെന്നും ഇവയുടെ വിൽപ്പന പൂർണമായും തടയണമെന്നും ഫുഡ് സേഫ്റ്റി കമ്മീഷണർ കെ.ശ്രീനിവാസ് നിർദേശം നൽകി. നൈറ്റ്ഷേഡ് കുടുംബത്തിൽപ്പെട്ട ഉമ്മം അത്യധികം വിഷാംശമുള്ള സസ്യമാണ്. കൃത്യമായി ശുദ്ധീകരിക്കാതെ ഇവ കഴിക്കുന്നത് അബോധാവസ്ഥയിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാം.

ഈ പ്ലാറ്റ്ഫോമുകളിലേക്ക് വിഷക്കായകൾ വിതരണം ചെയ്ത നിർമാതാക്കൾക്കും വിൽ്്പനക്കാർക്കുമെതിരെയും കർശന നടപടിയെടുക്കാൻ ലൈസൻസിങ് അതോറിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

കേസിൽ നൽകിയ നോട്ടീസിന് ആമസോൺ മറുപടി നൽകിയില്ല. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോൾ, ഉൽപ്പന്നങ്ങൾ നീക്കം ചെയ്‌തെന്നും ‘ഭക്ഷണത്തിന് ഉപയോഗിക്കരുത്’ എന്ന ലേബലോടെ മാത്രമേ ഇനി നൽകൂ എന്നും ബിഗ് ബാസ്‌കറ്റ് അറിയിച്ചു. എന്നാൽ, ഇത് ജീവന് ഭീഷണിയാകുന്ന വിഷയമായതിനാൽ കമ്പനികളുടെ മറുപടി തൃപ്തികരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. കമ്പനികൾ കൃത്യമായ മറുപടിയും നിർദേശങ്ങൾ പാലിച്ചതായുള്ള റിപ്പോർട്ടും സമർപ്പിച്ചതിന് ശേഷം മാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കുന്നതിൽ തീരുമാനമെടുക്കൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!