ഓണത്തിരക്ക്; ഇരിട്ടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

Share our post

ഇരിട്ടി : ഓണത്തിരക്കിനൊപ്പം ഗതാഗതക്കുരുക്കും നഗരത്തെ വീർപ്പ്് മുട്ടിക്കുന്നു. ഗതാഗത പരിഷ്‌കാരം നടപ്പാക്കിയിട്ടും സിഗ്നലുകൾ മിഴിയടച്ചതും പ്രധാന കവലകളിൽ ഗതാഗതം നിയന്ത്രിക്കാൻ പോലീസ് ഇല്ലാത്തതും നഗരത്തെ കുരുക്കിലാക്കുന്നു. നഗരത്തിലേക്ക് പ്രവേശിക്കുന്ന ഇരിട്ടി പുതിയ പാലത്തിൽ സിഗ്‌നൽ ലൈറ്റുകൾ ഇല്ലാതായിട്ട് മാസങ്ങളായി. സ്വയം നിയന്ത്രിച്ചാണ് ഡ്രൈവർമാർ പാലത്തിന്റെ പ്രവേശനകവാടത്തിൽ അപകടം ഒഴിവാക്കുന്നത്.

കൂട്ടുപുഴ, കീഴ്‌പ്പള്ളി എടൂർ ഭാഗത്തുനിന്നും തളിപ്പറമ്പ്, ഉളിക്കൽ, മണിക്കടവ് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങളും ഈ ഭാഗങ്ങളിലേക്ക് തിരികെപോകുന്നതിന് ഇരിട്ടി പാലം കടന്നെത്തുന്ന വാഹനങ്ങളും ഒരേ സമയം ഗതാഗതക്കുരുക്കിൽ പെടുകയാണ്. നഗരത്തിലെത്തുന്ന വാഹനപ്പെരുപ്പം കണക്കിലെടുത്താണ് പാലം കവല വീതികൂട്ടി വികസിപ്പിച്ചത്. നഗരത്തിലേക്കുള്ള പ്രവേശനകവാടത്തിന്റെ സ്ഥിതിയാണിത്. കണ്ണൂർ, തലശ്ശേരി ഭാഗത്തുനിന്നും പേരാവൂർ, കൊട്ടിയൂർ, വയനാട് ഭാഗത്തുനിന്നും ഇരിട്ടി നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്ന പയഞ്ചേരി മുക്ക് കവലയിൽ ട്രാഫിക് സംവിധാനം ഇല്ലാതായിട്ട് മാസങ്ങളായി. ഇവിടെയും ഗതാഗത നിയന്ത്രണത്തിന് പൊലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.

കർണാടകയിൽനിന്ന് അവധിക്ക് നാട്ടിലെത്തുന്നവരും വ്യാപാര ആവശ്യത്തിന് നഗരത്തിൽ എത്തേണ്ടവരവും ആശുപത്രികൾ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകേണ്ടവരും ഒരുപോലെ കഷ്ടപ്പെടുകയാണ്. ഇരിട്ടി നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും നഗരത്തിൽനിന്ന് പുറത്ത് കടക്കുന്നതിനും വാഹനങ്ങൾ പെടാപാട് പെടുകയാണ്. നഗരത്തിൽ കുടുങ്ങിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതെയും ആളുകൾ കഷ്ടപ്പെടുന്നു. വരും ദിവസങ്ങളിൽ ഓണം, നബിദിനത്തോട് അനുബന്ധിച്ചുള്ള തിരക്ക് ഏറുന്നതോടെ കുരുക്ക് കൂടുതൽ രൂക്ഷമാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!