വൻവിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി.; യൂണിറ്റിന് 9.40 രൂപ മുതൽ 12.50 രൂപവരെ, നിരക്ക് കൂട്ടിയേക്കും

Share our post

തിരുവനന്തപുരം: വൈദ്യുതിനിയന്ത്രണം ഒഴിവാക്കാൻ വീണ്ടും വൻവിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി. യൂണിറ്റിന് 9.40 രൂപ മുതൽ 12.50 രൂപവരെ വിലയ്ക്ക് അടുത്തവർഷം മേയ്‌വരെ വൈദ്യുതി വാങ്ങാനുള്ള കരാറുകൾക്ക് അനുമതി തേടി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. ഓണംകഴിഞ്ഞ് തെളിവെടുപ്പിനുശേഷം റെഗുലേറ്ററി കമ്മിഷൻ അപേക്ഷയിൽ തീരുമാനമെടുക്കും.

സെപ്റ്റംബർ മുതൽ 2027 വരെ 85 കോടി യൂണിറ്റാണ് വാങ്ങുന്നത്. 750 കോടി രൂപ ഇതിന് ചെലവുവരും. യൂണിറ്റിന് ശരാശരി 9.50 രൂപ. റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ശരാശരി വില 4.90 രൂപയാണ്. അധികബാധ്യത ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയാൽ വൈദ്യുതിനിരക്ക് യൂണിറ്റിന് ഏകദേശം 15 പൈസ കൂടും.

ഒൻപത് കമ്പനികളുടെ 24 ബിഡുകളാണ് കെ.എസ്.ഇ.ബി. അംഗീകരിച്ചത്. ഇതിന് റെഗുലേറ്ററി കമ്മിഷനും അനുമതി നൽകണം. അണക്കെട്ടുകളിൽ വെള്ളം കുറവായതിനാൽ കെ.എസ്.ഇ.ബി.ക്ക്‌ ജലവൈദ്യുതി ഉത്പാദനം കുറയ്ക്കണം. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങിയാലേ ഇതിനുകഴിയൂ.

ഇപ്പോൾ ദിവസേന 10 മുതൽ 15 കോടി രൂപവരെ ചെലവിട്ടാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നത്. ഇതിനായി പവർ എക്സ്‌ചേഞ്ചിൽ നിന്നാണ് വൈദ്യുതി വാങ്ങുന്നത്. എക്സ്‌ചേഞ്ചിൽ യൂണിറ്റിന് 10 രൂപയാണ് പരമാവധി വില. എന്നാൽ, ലഭ്യതയിൽ അനിശ്ചിതത്വമുണ്ട്. മുൻകൂട്ടി അറിയാനുമാവില്ല.

വടക്കേയിന്ത്യയിൽ ഇപ്പോൾ മഴയുള്ളതിനാൽഎക്‌സ്‌ചേഞ്ചിൽനിന്ന് വൈദ്യുതികിട്ടാനുണ്ട്. ഓണക്കാലത്ത് വൈദ്യുതി ഉപഭോഗം കൂടുകയും എക്സ്‌ചേഞ്ചിൽനിന്ന് വൈദ്യുതി കിട്ടാതിരിക്കുകയും ചെയ്താൽ നിയന്ത്രണം വേണ്ടിവരുമോ എന്ന ആശങ്കയും കെ.എസ്.ഇ.ബി.ക്കുണ്ട്.

വാങ്ങുന്നത് 2.7 ശതമാനം; ചെലവ് ഏഴു ശതമാനം

ഒരുവർഷം പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ 2.7 ശതമാനംമാത്രമാണ് പുതിയ ഹ്രസ്വകാല കരാറുകളിലൂടെ വാങ്ങാൻ കെ.എസ്.ഇ.ബി. അപേക്ഷിച്ചത്. പക്ഷേ, വില വളരെക്കൂടുതലായതിനാൽ ഒരുവർഷത്തെ വൈദ്യുതി വാങ്ങൽച്ചെലവിന്റെ ഏകദേശം ഏഴുശതമാനം ഇതിനായി ചെലവിടേണ്ടിവരും.

12,500 കോടിയാണ് ഈ വർഷം കമ്മിഷൻ അംഗീകരിച്ച വൈദ്യുതി വാങ്ങൽച്ചെലവ്. ഈ വിലകൂടിയ വൈദ്യുതിയുടെ ഭൂരിഭാഗവും രാത്രി ആവശ്യത്തിനാണ് വാങ്ങുന്നത്.

സോളാർ ഉത്പാദകർക്ക് പകൽ ഉത്പാദിപ്പിച്ച വൈദ്യുതിക്കുപകരം രാത്രി വൈദ്യുതി കിട്ടുമെന്നതിനാൽ, വർധിച്ച വിലയുടെ ബാധ്യത മറ്റ് ഉപഭോക്താക്കളുടെ തലയിലാവും. ഇത്രയും കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങാൻ സമീപകാലത്തെങ്ങും റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിട്ടില്ല.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!