കുടുംബ വൈരാഗ്യം; പേരക്കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ മുത്തശ്ശൻ കുറ്റവിമുക്തൻ
തൊടുപുഴ: 2016-ൽ അഞ്ച് വയസ്സുള്ള കൊച്ചുമകനെ തറവാട്ട് വീട്ടിൽവെച്ച് ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയെന്നാരോപിച്ച് കുട്ടിയുടെ മുത്തശ്ശന്റെ പേരിൽ തിരുവല്ല പോലീസ് ചാർജ് ചെയ്തിരുന്ന പോക്സോ കേസിൽ പ്രതിയെ വെറുതേവിട്ട് തൊടുപുഴ പോക്സോ കോടതി ജഡ്ജി ആഷ് കെ.ബാൽ വിധി പ്രസ്താവിച്ചു.
ഇരയായ കുട്ടിയുടെയും അമ്മയുടെയും അപേക്ഷപ്രകാരം കേസ് പത്തനംതിട്ട പോക്സോ കോടതിയിൽനിന്ന് തൊടുപുഴ പോക്സോ കോടതിയിലേക്ക് ഹൈക്കോടതി ട്രാൻസ്ഫർ ചെയ്തതിനെ തുടർന്നാണ് തൊടുപുഴ പോക്സോ കോടതിയിൽ വിചാരണ നടന്നത്.
ഇരയായ കുട്ടിയുടെ അമ്മ, പ്രതിയും പ്രതിയുടെ കുടുംബാംഗങ്ങളുമായി വിരോധത്തിലായിരുന്നുവെന്ന് സാക്ഷിമൊഴികളിൽ നിന്നും ഇരയായ കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള ഇ-മെയിലുകളിൽനിന്നും മറ്റു രേഖകളിലുംനിന്നും വ്യക്തമാണെന്ന പ്രതിഭാഗം ഭാഗം കോടതി അംഗീകരിച്ചു. ഇരയായ കുട്ടിയെ അമ്മ പ്രതിയോടുള്ള വിരോധംകാരണം കളവായ കാര്യങ്ങൾ പഠിപ്പിച്ച് പോലീസിലും കോടതിയിലും മൊഴി പറയിപ്പിച്ചതാണെന്ന് പ്രതിഭാഗം കേസ് വാദിച്ചു.
കുടുംബാംഗങ്ങൾ തമ്മിലുള്ള വിരോധംമൂലം മൈനർ കുട്ടികളെ ഉപയോഗിച്ച് കളവായി കേസെടുപ്പിച്ച് പോക്സോ നിയമം ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകുന്നതിനാൽ ഇപ്രകാരമുള്ള പോക്സോ കേസുകളിൽ പ്രതിയെ കുറ്റക്കാരനെന്ന് കാണുവാൻ തെളിവുകൾ സസൂക്ഷ്മം അപഗ്രഥിക്കണമെന്ന ഹൈക്കോടതി വിധികൾ കോടതി നിരീക്ഷിച്ചു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിച്ചു. 32 പ്രമാണങ്ങൾ തെളിവിൽ സ്വീകരിച്ചു. പ്രതിഭാഗത്തുനിന്ന് ഇരയുടെ പിതാവ് ഉൾപ്പെടെ രണ്ട് സാക്ഷികളെ വിസ്തരിച്ചു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ 14 പ്രമാണങ്ങൾ തെളിവിൽ സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ സാജു പോൾ അറുകാലിൽ, ഷിജി സാജു അറുകാലിൽ, വിഷ്ണു. എസ്., ജോസ് പി.എ. എന്നിവർ കോടതിയിൽ ഹാജരായി.
