കണ്ണൂരിൽ പതിനേഴുകാരൻ നാടുവിട്ടതായി പരാതി; ‘കാശിക്ക് പോകുന്നു’വെന്ന് കത്ത്
കണ്ണൂർ: പെരിങ്ങത്തൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാണാതായതായി പരാതി. ശിവസൂര്യ (17) എന്ന വിദ്യാർഥിയാണ് നാടുവിട്ടത്. ‘ഞാൻ കാശിക്ക് പോകുന്നു. ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ കത്തിൽ എഴുതിയിരിക്കുന്നത്.
മൊബൈൽ ഗെയിം കളിക്കുന്നത് പതിവായത് മാതാപിതാക്കൾ വിലക്കിയിരുന്നു. ഇതിനുപിന്നാലെ ശിവസൂര്യയുടെ കൈയിലുണ്ടായിരുന്ന ഫോണും മാതാപിതാക്കൾ വാങ്ങി വെച്ചിരുന്നു. ഇതിലുള്ള മനോവിഷമത്തിലാണ് വിദ്യാർഥി വീടുവിട്ടിറങ്ങിയതെന്നാണ് വിവരം.
മൂന്നുദിവസം മുന്പാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. ഈ സമയം വീട്ടിൽ മറ്റ് ആരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിയെ കണ്ടെത്താനായി കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിൻരെ തീരുമാനം.
