തടവറയിലെ പച്ചപ്പിന് പുരസ്‌കാരം; കാർഷിക നേട്ടത്തിൽ തിളങ്ങി കണ്ണൂർ സെൻട്രൽ ജയിൽ

Share our post

കണ്ണൂർ: തടവറയിലെ പച്ചപ്പിനെ തേടി സംസ്ഥാന പുരസ്‌കാരം. കൃഷിയിൽ മികവുള്ള പൊതുമേഖലാ സ്ഥാപനത്തിനുള്ള സംസ്ഥാന പുരസ്‌കാരമാണ് കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം സ്വന്തമാക്കിയത്. ജയിലിനകത്തും പുറത്തുമായി 20 ഏക്കറിലാണ് കൃഷിഭൂമിയുള്ളത്.

നാണ്യവിളകൾ, ഭക്ഷ്യവിളകൾ, ഫലവർഗങ്ങൾ, സുഗന്ധവിളകൾ, പൂക്കൃഷി എന്നിവ ശാസ്ത്രീയ കാർഷികരീതികളിലൂടെയാണ് വളർത്തുന്നത്. കൃഷിക്ക് പുറമേ മണ്ണിന്റെ ആരോഗ്യസംരക്ഷണം, ജലസംരക്ഷണ പ്രവർത്തനം, സംയോജിത രോഗ-കീട നിയന്ത്രണം, പരിസ്ഥിതി എന്നിവയ്ക്കും ഊന്നൽ നൽകുന്നു. സ്ഥാപനത്തിന്റെ ആവശ്യം കഴിഞ്ഞ് ബാക്കിവരുന്ന വിഷരഹിത പച്ചക്കറികളും മറ്റ് ഉത്പന്നങ്ങളും ജയിൽ കൗണ്ടർ വഴി വില്പന നടത്തും.

വലിയ രീതിയിൽ ഉയരം വെക്കാത്തതും വള്ളികളായും വളർന്ന് പന്തലിക്കുന്നതുമല്ലാത്ത പച്ചക്കറിക്കൃഷിയാണ് ജയിലനകത്തെങ്കിൽ പുറത്ത് എല്ലാ ഇനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. വിവിധ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, പാവൽ, പടവലം, കോവയ്ക്ക, കാബേജ്, കോളിഫ്ളവർ, ചീര തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. ജൈവകൃഷി രീതിക്കാണ് മുൻഗണന നൽകുന്നത്. പച്ചക്കറിക്കൃഷിയുടെ എല്ലാ ഘട്ടത്തിലും തടവുകാരുടെ സജീവപങ്കാളിത്തമുണ്ടാവാറുണ്ട്. ഈ സീസണിൽ ഏകദേശം 7.5 ടൺ പച്ചക്കറി വിളവെടുത്തു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ തണ്ണിമത്തൻകൃഷിയിലൂടെ 100 ലധികം കിലോ വിളവെടുത്തു.

ജയിലിൽ 50 പശുക്കളും 60-ലധികം ആടുകളും 1500-ഓളം കോഴികളുമുണ്ട്. തീറ്റപ്പുൽക്കൃഷിയുമുണ്ട്. 30 ഏക്കറിൽ തെങ്ങിൻതോപ്പ്, 430 മാവ്, വിവിധയിനും പ്ലാവ്, 1.5 ഏക്കറിൽ റബ്ബർ, 75 കശുമാവ്, 25 കുരുമുളക് വള്ളി, 150 ഓളം റെഡ് ലേഡി പപ്പായ എന്നിവയും നട്ടുവളർത്തുന്നുണ്ട്. ജയിൽപരിസരവും ജയിലിനകവശവും കുറ്റിമുല്ലത്തൈകൾ നട്ടുള്ള സുഗന്ധവീഥി പദ്ധതിയും 5000-ത്തിലധികം ചെണ്ടുമല്ലിത്തൈകളും ജയിലിലെ കൃഷിക്ക് നിറവും മണവുമേകുന്നു.

സമഗ്ര പുനരധിവാസ പരിപാടിയുടെ ഭാഗമായാണ് കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ കാർഷികപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അന്തേവാസികളുടെ തൊഴിൽശേഷിയെ ക്രിയാത്മകമായി വിനിയോഗിക്കുന്നതിനൊപ്പം കൃഷിയിലൂടെ തൊഴിൽപരിശീലനം, ആത്മവിശ്വാസം, അധ്വാനശീലം, സ്വയംപര്യാപ്തത എന്നിവ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.

ജയിൽ സൂപ്രണ്ട് കെ. വേണു, ജോയിന്റ് സൂപ്രണ്ടുമാരായ കെ.കെ. റിനിൽ, ടി.ജെ. പ്രവീഷ്, വെൽഫെയർ ഓഫീസർ രാജേഷ് കുമാർ, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ പി.ടി. സന്തോഷ്‌, എസ്. ശ്രീജിത്ത്‌, വിജയകുമാർ, ഹരിതസ്പർശം കോഡിനേറ്റർ മനോജ്‌ വരപ്രത്ത്, അംഗങ്ങളായ പി.പി. ഷബിൻ, ശ്രീജേഷ് കൂവ്വക്കായി, എ.കെ. ഷിനോജ്, കെ.കെ. ബൈജു, കെ.ടി. അരുൺ, ഷിബു നരിക്കോടൻ, അഖിൽ കൃഷ്ണ, നിധിൻ ശിവജി റാവു, പി. ബിജിത്ത്, കെ. സുജിൻ, നിവേദ്, മണികണ്ഠൻ എന്നിവരാണ് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!