പോലീസിനെ വെല്ലുവിളിക്കാൻ ഒരു ആയങ്കിയേയും അനുവദിക്കില്ല, ലൈക്കടിച്ചവരുടേയും പിന്നാലെയുണ്ട് -എഡിജിപി

Share our post

കണ്ണൂർ: പോലീസിനെ വെല്ലുവിളിക്കാൻ ഒരു ആയങ്കിയേയും അനുവദിക്കില്ലെന്ന് എ.ഡി.ജി.പി. പി. വിജയൻ. പോലീസിനെ കുറെ വെല്ലുവിളിച്ചു എന്നത് ആയങ്കിയുടെ തോന്നലാണ്. ഇത്തരർക്ക് ലഭിക്കുന്ന വീരപരിവേഷം താത്കാലികമായ ഷോ മാത്രമാണ്. ഒരു പരിധിവിട്ട് വളർന്നുവെന്ന് ആയങ്കിക്ക് തോന്നുന്നുണ്ട് എന്ന് മനസ്സിലായപ്പോൾതന്നെ അയാളെ നിയമപരമായി പൂട്ടാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിരുന്നു. ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരമാണ് ആയങ്കിക്കെതിരായ നടപടിയുമായി മുന്നോട്ടുപോയതെന്നും എ.ഡി.ജി.പി. പറഞ്ഞു.

മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലായിരുന്ന സമയത്ത് സാധാരണ നിലയിലുള്ള നടപടികളുമായി പോലീസ് കാത്തിരിക്കുകയായിരുന്നു. എന്നാൽ കോടതി ജാമ്യം നിഷേധിച്ചതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നുവെന്നും, തുടർന്നാണ് പോലീസ് പിടികൂടാനുള്ള നീക്കങ്ങൾ ഊർജിതമാക്കിയത്. ചെയ്ത കുറ്റത്തിനുള്ള ശിക്ഷ ലഭിക്കുമെന്നും എ.ഡി.ജി.പി. പറഞ്ഞു.

പോലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെത്തന്നെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. സമൂഹത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പോലീസിനെതിരെ സാമൂഹികമാധ്യത്തിൽ വെല്ലുവിളികൾ ഉയർത്തുന്നതും, അതിനെ ലൈക്കുകളിലൂടെയും കമന്റുകളിലൂടെയും പ്രോത്സാഹിപ്പിക്കുന്നവരും നിരീക്ഷണത്തിലാണെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

ഒളിവിൽ കഴിയുന്നതിനിടെ ലൊക്കേഷനുകൾ മാറി മാറി പോയിരുന്നെങ്കിലും പോലീസ് ഇയാളെ നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. പിടികൂടുമ്പോൾ മനുഷ്യാവകാശ ലംഘനങ്ങളോ നിയമവിരുദ്ധമായ രീതികളോ ഇല്ലാതെ പൂർണമായും നിയമമനുസരിച്ച് പ്രവർത്തിക്കണമെന്ന് ആഭ്യന്തരമന്ത്രിയുടെ നിർദേശമുണ്ടായിരുന്നു. അത് പാലിച്ചുകൊണ്ടാണ് ആയങ്കിയെ പിടികൂടിയത്. ആയങ്കിയെ വെടിവയ്ക്കണമെന്നുള്ള തീരുമാനം കേരള പോലീസിന്റേതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ ഗ്രിപ്പ് ഇനിയും തുടരും. സമൂഹത്തെ വെല്ലുവിളിക്കുന്ന ഒരു ആയങ്കിയും ഉണ്ടാകാൻ പാടില്ലെന്നതാണ് നിലപാട്. ഗുണ്ടകൾ സാമൂഹികമാധ്യമംവഴി തങ്ങളുടെ സംഘത്തെ കാണിച്ചും ബർത്ത്ഡേ പാർട്ടികൾ ആഘോഷമാക്കിയും യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം ‘ഹീറോയിസം’ കാണിച്ച് സമൂഹത്തിൽ ഒരു സ്വാധീനം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇത് ഒരു തരത്തിലും അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!