പ്രളയത്തിൽ ഇത്തവണയും നാടൊട്ടാകെ വെള്ളത്തിനടിയിലായപ്പോഴും, നിരണത്തെ ആ 36 കുടുംബങ്ങൾ ഭയന്നില്ല. ചറ്റും ഇരച്ചെത്തിയ പ്രളയജലത്തെ നോക്കി അവർ സുരക്ഷിതരായി തങ്ങളുടെ വീടുകളിലിരുന്നു. 2018-ലെ മഹാപ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർക്കായി പ്രവാസി മലയാളികൾ നിർമിച്ചുനൽകിയ ഫോമ വില്ലേജിലെ വീടുകളാണ് ഇത്തവണ നാടിന് മാതൃകയാകുന്നത്.
പ്രളയത്തെ പ്രതിരോധിക്കാവുന്ന രീതിയിലാണ് അന്ന് മിക്ക സന്നദ്ധ സംഘടനകളും വീടുകൾ ഡിസൈൻ ചെയ്ത് നിർമിച്ചത്. എന്നാൽ 2026ൽ ഇരച്ചെത്തിയ വെള്ളം ഇത്തരത്തിൽ നിർമിച്ചു നൽകിയ ബഹുഭൂരിപക്ഷം വീടുകളിലും കയറി. എന്നാൽ, ഫോമ നിർമിച്ച് നൽകിയ വീടുകൾക്ക് ഈ ജലത്തെ തടഞ്ഞ് നിർത്താനായി. നിർമാണത്തിലെ വ്യത്യസ്തത, കൂട്ടായ പരിശ്രമം എന്നിവയെല്ലാമാണ് ഇതിന് തുണയായതെന്ന് നിസ്സംശയം പറയാം.
∙ 36 വീടും സുരക്ഷിതം
2019 ജൂണിലാണ് വടക്കേ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് അമേരിക്കൻ മലയാളി അസോസിയേന്റെ (ഫോമ) കേരള കൺവൻഷനോട് അനുബന്ധിച്ച് വീടുകൾ നിർമിച്ചത്. ഇനിയൊരു പ്രളയം വന്നാലും വീടുകൾ സുരക്ഷിതമായിരിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു നിർമാണം.
അതുകൊണ്ട് തന്നെ കൃത്യമായി ആസൂത്രണം ചെയ്താണ് വീടുകൾ നിർമിച്ചത്. മണ്ണിട്ട് പൊക്കുന്നതിനെ കുറിച്ച് ആലോചിച്ചപ്പോഴാണ് വീടുകൾ തൂണിൽ ഉയർത്തി നിർമിക്കുന്ന കാര്യം മനസ്സിൽ വന്നത്. അങ്ങനെയാണ് തൂണുകളിൽ വീട് പണിത് നൽകാനുള്ള തീരുമാനത്തിലേക്ക് നീങ്ങിയത്.
∙ ഫോമ വില്ലേജ്
ഫോമ കേരളത്തിൽ നിർമിച്ചത് ‘ഫോമ വില്ലേജാണ്’. നമ്മുടെ സ്വന്തം നാട്ടിൽ നന്മയുടെ ഒരു ഗ്രാമം വേണമെന്ന അതിയായ ആഗ്രഹത്തിന്റെ പൂർത്തീകരണമാണിത്. ഫോമയുടെ ഔദ്യോഗിക കമ്മിറ്റിയിൽ ഉരുത്തിരിഞ്ഞു വന്ന ആശയമായിരുന്നു വീട് നിർമിക്കുക എന്നത്.
അതിന്റെ അടിസ്ഥാനത്തിൽ 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആളുകളെ കണ്ടെത്തി വീടുകൾ നിർമിച്ചു നൽകാനും തീരുമാനിച്ചു. പ്രളയത്തെത്തുടർന്ന് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കുടിലുകളിൽ കഴിഞ്ഞിരുന്നവരായിരുന്നു ഈ കുടുംബങ്ങൾ.
∙ നിർമാണത്തിലെ വ്യത്യസ്തത
പ്രളയത്തെ ഈ വീടുകളിൽ നിന്നും അകറ്റി നിർത്തിയത് നിർമാണത്തിലെ വ്യത്യസ്തതയാണ്. മറ്റ് നിരവധി സംഘടനകളും വ്യക്തികളും വീടുകൾ നിർമിച്ച് നൽകിയെങ്കിലും അവയ്ക്കൊന്നും വെള്ളത്തെ പിടിച്ച് നിർത്താനായില്ല. ഇവിടെയാണ് ഫോമയുടെ നിർമാണത്തിലെ വ്യത്യസ്തത പ്രകടമാകുന്നത്.
എല്ലാവരും വീട് നിർമിക്കുന്ന പ്രദേശം മണ്ണടിച്ച് ഉയർത്തിയാണ് നിർമിച്ചത്. ഇതിനാൽ തന്നെ ഒരു പരിധിക്ക് അപ്പുറം ഉയർത്താനാകില്ല. എന്നാൽ ഫോമ മണ്ണിനു പകരം തൂണുകളിൽ ഉയർത്തിയാണ് വീട് നിർമിച്ചത്.
∙ നാട്ടിൽ നിന്നും നിരവധി കോളുകൾ
ഈ വർഷം വീണ്ടും അപ്രതീക്ഷിതമായി 2018നെക്കാൾ കൂടുതൽ വെള്ളം ഇരച്ചെത്തി. നാട്ടിൽ നിന്നും ഒട്ടേറെ കോളുകളാണ് ഫോമ ഭാരവാഹികളെ തേടിയെത്തിയത്. അതിൽ ഏറ്റവും സന്തോഷം ഫോമ വില്ലേജിൽ നിർമിച്ച് നൽകിയ ഒരു വീട്ടിൽ പോലും വെള്ളം കയറിയില്ല എന്ന് പറയാനാണ് ഇരുപതിലധികം ആളുകളും വിളിച്ചതെന്ന് അവർ പറഞ്ഞു.
കേവലം ഒരു വീട് എന്നതിനപ്പുറമായി സ്ഥിരമായി വെള്ളം ഇരച്ചെത്തുന്ന പ്രദേശത്ത് ഈ മഹാപ്രളയത്തിൽ വീടിനകത്ത് വെള്ളം കയറിയില്ല എന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമാണെന്ന് ഭാരവാഹികൾ പറഞ്ഞു.