സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 25 ആയി, നാല് പേരെ കാണാതായി
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മഴക്കെടുതിയിൽ നാലുപേരെ ഇതുവരെയായി കണ്ടെത്താനായിട്ടില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
അതിശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്തുടനീളം 52 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. ദുരന്തബാധിത മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്. നിലവിൽ വിവിധ ജില്ലകളിലായി തുറന്ന 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18,434 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലേർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം എന്നിങ്ങനെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണുള്ളത്.
