പോസ്റ്റ്പെയ്ഡ് നിരക്കുകൾ കൂട്ടി എയർടെൽ; പ്ലാനുകളിൽ 50 രൂപയുടെ വർധന, പകരം സൗജന്യ ഇന്റർനാഷണൽ റോമിങ്
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു. പ്രതിമാസ നിരക്കിൽ 50 രൂപയുടെ വർധനവാണ് വരുത്തിയത്. പുതുക്കിയ നിരക്കുകൾ നാളെ (ഒക്ടോബര് 8) പ്രാബല്യത്തിൽ വരും. അതേസമയം, നിരക്ക് വർധനയ്ക്കൊപ്പം വർഷത്തിലൊരിക്കൽ സൗജന്യ ഇന്റർനാഷണൽ റോമിങ് ഉൾപ്പെടെയുള്ള പുതിയ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.
നിലവിലുള്ള പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളെ ഒരു മാസത്തിനകം പുതിയ പ്ലാനിലേക്ക് മാറ്റും. ഈ പ്ലാനുകളോടൊപ്പം നൽകുന്ന സൗജന്യ ഇന്റർനാഷണൽ റോമിങ് ഓഫറിന് വിപണിയിൽ 2,000 രൂപയോളം മൂല്യമുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.
പുതിയ റോമിങ് ആനുകൂല്യങ്ങൾ
വിദേശയാത്രകളിൽ അഞ്ച് ദിവസത്തേക്ക് ഉപയോഗിക്കാവുന്ന കോംപ്ലിമെന്ററി റോമിങ് പാക്കാണ് ലഭിക്കുക. 5 ജിബി ഹൈസ്പീഡ് ഡാറ്റ, 60 മിനിറ്റ് സൗജന്യ കോളുകൾ, 25 ഔട്ട്ഗോയിംഗ് എസ്എംഎസ് എന്നിവ ലഭിക്കും. ഇൻകമിംഗ് എസ്എംഎസുകൾ സൗജന്യമായിരിക്കും. വിദേശയാത്ര നടത്തുന്ന ഏത് സമയത്തും ഉപയോക്താക്കൾക്ക് ഈ റോമിങ് പാക്ക് ആക്റ്റിവേറ്റ് ചെയ്യാം. ഫാമിലി പ്ലാൻ ഉപയോഗിക്കുന്ന കുടുംബത്തിലെ ഓരോ വ്യക്തിക്കും ഈ സൗജന്യ വാർഷിക റോമിങ് ആനുകൂല്യം ലഭ്യമാകും.
