ഉദയനിധി സ്റ്റാലിന് ആശ്വാസം; ചോദ്യംചെയ്തശേഷം വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശം
ചെന്നൈ: നടി തൃഷയ്ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ അറസ്റ്റിലായ ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്തശേഷം വിട്ടയക്കാൻ തഞ്ചാവൂർ പോലീസിന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകി. എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ഹൈക്കോടതി നിർദ്ദേശം നൽകി.
അതേസമയം, ഉദയനിധിയെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജാമ്യത്തിൽ വിട്ടയയ്ക്കുമെന്ന് സംസ്ഥാന സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയെങ്കിലും അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ പോലീസിന് ഉദ്ദേശ്യമില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചു. അദ്ദേഹത്തെ ചോദ്യംചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ മാത്രമാണ് സംസ്ഥാന സർക്കാരിന് ഉദ്ദേശ്യമുള്ളതെന്നും അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി.
തഞ്ചാവൂരിൽ കാവേരി നദീജല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഉദയനിധി വിവാദ പരാമർശം നടത്തിയത്. വിഷയത്തിൽ പരാതികളെ തുടർന്ന് തഞ്ചാവൂർ പോലീസ് കേസെടുക്കുകയും രാവിലെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടാകുമെന്ന് കണ്ട് മുൻകൂർ ജാമ്യത്തിന് ശ്രമിക്കവേയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ചെന്നൈയിലെ വസതിയിൽനിന്ന് ഇന്ന് രാവിലെയാണ് പോലീസ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തത്. അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചതിനും സ്ത്രീകളുടെ മാന്യതയ്ക്ക് കോട്ടംവരുത്തിയതിനും ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
