‘കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമൻ, മദ്യപിച്ചിരുന്നോ എന്ന് അറിയില്ല’: പ്രതിയെ തിരിച്ചറിഞ്ഞ് ഓട്ടോ ഡ്രൈവർ
തിരുവനന്തപുരം∙ മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. കേസിലെ രണ്ടാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ മണികണ്ഠനാണ് തിരുവനന്തപുരം നാലാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയത്.
അപകടസ്ഥലത്തുണ്ടായിരുന്നത് കോടതിയില്‍ ഹാജരായിട്ടുള്ള ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്നു സാക്ഷി വിചാരണവേളയില്‍ സ്ഥിരീകരിച്ചു. താടിയുള്ള ഒരാള്‍ അമിതവേഗതയില്‍ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്ന വിവരമറിഞ്ഞാണു താന്‍ സ്ഥലത്തെത്തിയത്. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചത് ശ്രീറാമാണെന്ന് അപ്പോഴാണു മനസിലായതെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് പേര് വഫ എന്ന് പൊലീസിനോട് പറയുന്നത് കേട്ടതായും മണികണ്ഠന്‍ മൊഴി നല്‍കി. അതേസമയം, കാര്‍ അമിതവേഗതയില്‍ ഓടിച്ചുവരുന്നതു താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും പ്രതി മദ്യപിച്ചിരുന്നോ എന്നു തിട്ടപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്കു മറുപടിയായി സാക്ഷി പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമനെതിരെ മനപൂർവമല്ലാത്ത നരഹത്യ (304), തെളിവു നശിപ്പിക്കല്‍ (201) എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയിട്ടുളളത്. 2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീര്‍ മരിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.എസ്.രാജേഷ് ഹാജരായി.
