ബ്രഹ്മപുരം അഴിമതിക്കേസ്: മുൻ കെഎസ്ഇബി ചെയർമാനെതിരായ പ്രോസിക്യൂഷൻ നടപടികൾ സർക്കാർ പിൻവലിക്കുന്നു
ന്യൂഡൽഹി: പതിറ്റാണ്ടുകൾ പഴക്കമുള്ള ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റ് അഴിമതിക്കേസിലെ മുഖ്യപ്രതിയും കെ.എസ്.ഇ.ബി. മുൻ ചെയർമാനുമായ ആർ. നാരായണനെതിരായ പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 360-ാം വകുപ്പുപ്രകാരം പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കുന്നതിന് അപേക്ഷ നൽകാൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് വിജിലൻസ് വകുപ്പ് നിർദേശം നൽകി.
ഭരണപരവും നിയമപരവും മാനുഷികവുമായ പരിഗണനകൾ ചൂണ്ടിക്കാട്ടി 87-കാരനായ ആർ. നാരായണൻ നൽകിയ നിവേദനത്തെത്തുടർന്നാണ് സർക്കാർ തീരുമാനം. വാർധക്യസഹജമായ ബുദ്ധിമുട്ടുകളും മോശം ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത്, 87 വയസ്സുള്ള വ്യക്തിയെ നീണ്ട വിചാരണനടപടികൾക്ക് വിധേയനാക്കുന്നത് നിഷ്ഫലമായ വ്യായാമവും സ്വാഭാവികനീതിയുടെ ലംഘനവുമാകുമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട നിയമതർക്കവും സർക്കാർ തീരുമാനത്തിന് പിന്നിലുണ്ട്. കെ.എസ്.ഇ.ബി. ജീവനക്കാരനായതിനാൽ നാരായണന് സി.ആർ.പി.സി. 197-ാം വകുപ്പുപ്രകാരമുള്ള സംരക്ഷണത്തിന് അർഹതയില്ലെന്ന് തിരുവനന്തപുരത്തെ പ്രത്യേക കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, ഐ.എ.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹത്തെ നിയമിക്കാനും നീക്കംചെയ്യാനുമുള്ള അധികാരം സംസ്ഥാന സർക്കാരിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നതെന്നാണ് സർക്കാർ നിലപാട്.
മുൻ ചെയർമാനെതിരായ പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കുമെങ്കിലും കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കെതിരായ വിചാരണ തുടരുന്നതിന് ഇത് തടസ്സമാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. മുൻ മന്ത്രിമാർ, ബോർഡ് അംഗങ്ങൾ, സ്വകാര്യ കമ്പനി പ്രതിനിധികൾ എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രതികൾ നിയമപ്രകാരമുള്ള വിചാരണ നേരിടുന്നത് തുടരും.
