യൂത്ത് ലീഗ് നേതാവിന്റെ വിരുന്നിൽ മുഖ്യമന്ത്രി, ‘റോം കത്തിയെരിയുമ്പോൾ വീണമീട്ടുന്നുവെന്ന് ശിവൻകുട്ടി

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി മുൻമന്ത്രി വി ശിവൻകുട്ടി. ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുകയാണ് മുഖ്യമന്ത്രി. വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മുഖ്യമന്ത്രിയുടെ നടപടി ‘റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്’ തുല്യമാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടതെന്ന് ശിവൻകുട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

വി ശിവൻകുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

നാട് ദുരന്തമുഖത്ത് പകച്ചുനിൽക്കുമ്പോൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണാധികാരികളുടെ സന്നദ്ധതയും നിശ്ചയദാർഢ്യവുമാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ഇപ്പോൾ ചെയ്യേണ്ടത്.

എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ പങ്കുചേരുകയാണ് മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ചെയ്തത്. നാടൊട്ടുക്കും ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി ‘റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്’ തുല്യമാണ്.

വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മറ്റു പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടത്.

രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും വന്നപ്പോൾ കേരളത്തെ മുന്നിൽ നിന്ന് നയിച്ച് ജനങ്ങൾക്ക് കരുത്തുപകർന്ന ക്യാപ്റ്റൻ ശ്രീ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി. ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കാൻ തയ്യാറാകണം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!