കണ്ണൂർ സെൻട്രൽ ജയിലിൽ മുല്ലപ്പൂവസന്തം; പൂവിടാൻ തുടങ്ങിയത് 2500 ചട്ടി മുല്ലച്ചെടി
കണ്ണൂർ: മുല്ലപ്പൂ സുഗന്ധമാണ് കണ്ണൂർ സെൻട്രൽ ജയിലിനിപ്പോൾ. ജയിലിനു മുന്നിലും അകത്ത് എല്ലാ ബ്ലോക്കിലും നടത്തിയ മുല്ലപ്പൂക്കൃഷി വൻ വിജയം. ഹരിത കേരള മിഷന്റെയും കതിരൂർ സർവീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ ആരംഭിച്ച 2500 ചട്ടി മുല്ലച്ചെടി പൂവിടാൻ തുടങ്ങി. അടുത്തദിവസം മുതൽ നഗരത്തിലെ പൂക്കടകളിൽ ഇതു വിൽപനയ്ക്കെത്തിക്കും.
ജയിലിലെ അന്തേവാസികളിൽ മാനസിക പരിവർത്തനം ഉണ്ടാക്കാൻ ആരംഭിച്ച കൃഷി, മൃഗപരിപാലനം എന്നിവയുടെ ഭാഗമായാണ് പൂക്കൃഷി തുടങ്ങിയത്. മുല്ലപ്പൂകൊണ്ടുള്ള മാല കെട്ടാനുള്ള പരിശീലനം അന്തേവാസികൾക്കു നൽകിയതായി സൂപ്രണ്ട് കെ.വേണു പറഞ്ഞു. ഡപ്യൂട്ടി പ്രിസൺ ഓഫിസർ കെ.കെ.ബൈജുവിന് കൃഷിയുടെ ചുമതല. അന്തേവാസികളുടെ ഹരിതകർമസേനയാണ് എല്ലാം പരിപാലിക്കുന്നത്.
ജയിലിൽ 45 ഏക്കറിൽ പലതരം കൃഷിയാണ് ചെയ്യുന്നത്. 15 ഏക്കർ ജയിൽ വളപ്പിനകത്തും 30 ഏക്കർ പുറത്തും. തെങ്ങ്, റബർ, കശുമാവ്, മാവ്, പ്ലാവ്, പപ്പായ, കുരുമുളക് തുടങ്ങിയ ദീർഘകാലവിളകൾക്കൊപ്പം വിവിധ പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, വാഴ, തണ്ണിമത്തൻ, ചെണ്ടുമല്ലി തുടങ്ങിയവയും കൃഷി ചെയ്യുന്നു. 61 പശുക്കൾ, 60 ആടുകൾ എന്നിവയ്ക്കൊപ്പം മൂന്ന് യൂണിറ്റുകളിലായി 1,500 ഇറച്ചിക്കോഴികളെയും വളർത്തുന്നുണ്ട്. ഈ കോഴികളെ ഇറച്ചിയാക്കിയാണ് ജയിൽ ബിരിയാണിയിൽ ഉപയോഗിക്കുന്നത്. ഓണവിപണി ലക്ഷ്യമാക്കി 5000 ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുണ്ടെന്ന് സാങ്കേതിക സഹായം നൽകുന്ന പുഴാതി കൃഷി ഓഫിസർ ഇ.പ്രമോദ് പറഞ്ഞു.
