കണ്ണീരൊഴുകിയ രണ്ടാണ്ട്‌; പൂക്കുന്നു, പുതുജീവിതങ്ങൾ; ടൗൺഷിപ്പ് പൂർത്തീകരണത്തിന് വേഗം പോരാ 

Share our post

കല്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പിന്റെ തുടർനിർമാണ പ്രവൃത്തികൾ ഇഴയുന്നു. ആദ്യഘട്ടമായി കഴിഞ്ഞ മാർച്ചിൽ 178 വീടുകളാണ് കൈമാറിയത്. 410 വീടുകൾ ടൗൺഷിപ്പിൽ നിർമിക്കാനാണ് ധാരണ. നിലവിലെ ടൗൺഷിപ്പിൽ വീടുവേണ്ടവരുടെ ഗുണഭോക്തൃലിസ്റ്റിൽ 327 കുടുംബങ്ങളാണുള്ളത്. ഗുണഭോക്തൃലിസ്റ്റ് അന്തിമമാക്കിയിട്ടില്ല. എങ്കിൽത്തന്നെയും നിലവിൽ ലിസ്റ്റിലുള്ള 149 കുടുംബങ്ങൾക്ക് ഇനിയും വീടുകൾ കൈമാറേണ്ടതുണ്ട്. വീടുകളും അങ്കണവാടിയും കമ്യൂണിറ്റി സെന്ററും മാർക്കറ്റും ഉൾപ്പെടുന്ന അനുബന്ധസ്ഥാപനങ്ങളുടെ അടക്കം പണി ഒക്ടോബറിൽത്തന്നെ പൂർത്തീകരിക്കുമെന്നാണ് അവകാശപ്പെടുന്നതെങ്കിലും അതനുസരിച്ചുള്ള വേഗത്തിലല്ല നിർമാണം പുരോഗമിക്കുന്നത്.

മാർച്ചിൽ ആദ്യഘട്ടവീടുകളുടെ നിർമാണം പൂർത്തിയായതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വന്നതോടെ അതിഥിത്തൊഴിലാളികളിൽ നല്ലൊരുപങ്കും സ്വന്തംനാടുകളിലേക്ക് പോയിരുന്നു. ഇപ്പോഴും ഇവരിൽ പലരും തിരികെയെത്തിയിട്ടില്ല. പ്രതിദിനം 1500-ഓളം തൊഴിലാളികൾവരെ പണിയെടുത്ത സ്ഥാനത്ത് നാനൂറിൽത്താഴെ തൊഴിലാളികളായിരുന്നു കഴിഞ്ഞ മാസങ്ങളിലുണ്ടായിരുന്നത്.

മഴക്കുറവുള്ള മാസങ്ങളായിട്ടും അതിനനുസരിച്ചുള്ള വേഗത്തിലല്ല പണികൾ നീങ്ങിയത്. മഴ തുടങ്ങിയതോടെ നിർമാണപ്രവൃത്തികളുടെ ഭാഗമായി കൂട്ടിയിട്ട മണ്ണ് ടൗൺഷിപ്പിനോട് ചേർന്നുള്ള വീടുകളിലേക്ക് ഒലിച്ചിറങ്ങിയത് ഉൾപ്പെടെ പ്രതിസന്ധിയായി. റോഡ് പണികളും മുടങ്ങി. ഒക്ടോബറിൽ കൈമാറും എന്നുപറയുന്ന 149 വീടുകളിൽ ഇപ്പോഴും 26 വീടുകളുടെ സ്ട്രക്ചറൽ വർക്കുപോലും കഴിഞ്ഞിട്ടില്ല. രണ്ടാംസോണിൽ വീടുകളുടെ പണി തുടങ്ങിയിട്ടുമില്ല. മാർക്കറ്റിനായുള്ള കെട്ടിടത്തിന്റെ പ്രാരംഭപണിമാത്രമാണ് തുടങ്ങിയത്. പലവീടുകളും തേപ്പ്, പെയിന്റിങ്, ടൈൽ, പ്ലംബിങ് പണികളുടെ വിവിധ ഘട്ടത്തിലാണ്.

ഒക്ടോബർ പത്തിനകം അവശേഷിക്കുന്ന 149 ഗുണഭോക്തൃകുടുംബങ്ങൾക്കുള്ള വീടുകൾ ഉൾപ്പെടെ 157 എണ്ണം പൂർത്തീകരിക്കാമെന്നാണ് ചീഫ് ഓപ്പറേറ്റീവ് ഓഫീസർ ഇ.ടി. രാകേഷ് പറയുന്നത്. റോഡുകളും അനുബന്ധകെട്ടിടങ്ങളും ഉൾപ്പെടെ മറ്റുപ്രവൃത്തികൾ ഡിസംബർ 31-നകവും പൂർത്തീകരിക്കാനാവും. സ്‌കൂൾ, ആശുപത്രി എന്നിവയുടെ നിർമാണത്തിനുള്ള ഭൂമി കൈമാറിയെന്നും ചീഫ് ഓപ്പറേറ്റീവ് ഓഫീസർ പറഞ്ഞു.

ഹൃദയഭൂമിയിൽ സ്മരണാഞ്ജലി ഇന്ന്

മേപ്പാടി: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവർക്ക് സ്മരണാഞ്ജലി അർപ്പിക്കാൻ വ്യാഴാഴ്ച പുത്തുമലയിലെ ഹൃദയഭൂമിയിൽ പ്രിയപ്പെട്ടവർ സംഗമിക്കും. രാവിലെ ഏഴ് മണി മുതൽ ഹൃദയ ഭൂമിയിലെത്തുന്നവർ പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങളിൽ പുഷ്പാർച്ചന നടത്തും. രണ്ട് വർഷം മുമ്പുവരെ തങ്ങളുടെ സുഖദുഃഖങ്ങളിൽ ഒപ്പമുണ്ടായിരുന്നവരുടെ നിത്യശാന്തിക്കായി അവർ പ്രാർഥിക്കും. മുണ്ടക്കൈ , ചൂരൽമല ഉരുൾ ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മേപ്പാടി ഗ്രാമപ്പഞ്ചായത്തും ജില്ലാ ഭരണകൂടവും ചേർന്നാണ് അനുസ്മരണവും സർവമത പ്രാർഥനയും സംഘടിപ്പിക്കുന്നത്. പ്രാർഥനയ്ക്കുശേഷം കൃഷിമന്ത്രി ടി.സിദ്ദിഖ് അനുസ്മരണ പ്രഭാഷണം നടത്തും. കളക്ടർ ഡി.ആർ. മേഘശ്രീ ഉൾപ്പടെയുള്ള ഉന്നതോദ്യോഗസ്ഥർ, മത, സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കൾ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ ഏഴിന് ടൗൺഷിപ്പിലും പുഷ്പാർച്ചന നടത്തും. ഒന്നാം സോണിലെ ബി ക്ലസ്റ്ററിലാണ് ഉരുൾദുരന്തത്തിൽ മൺമറഞ്ഞവരുടെ ചിത്രങ്ങൾ വെച്ച് പുഷ്പാർച്ചന നടത്തുക.

പൂക്കുന്നു, പുതുജീവിതങ്ങൾ

 ടൗൺഷിപ്പിലെ ഒട്ടുമിക്ക വീടുകൾക്കുമുന്നിലും നിറയെ ചെടികളാണ്. അതിൽ പലനിറമുള്ള പൂക്കളുണ്ട്. സ്‌കൂൾ ബസ് എത്താനുള്ള സമയത്തിനായുള്ള കാത്തിരിപ്പിനിടെ ദേവികയും സഹോദരി നൈനികയും സിറ്റൗട്ടിലെ പൂക്കളെ തലോടിക്കൊണ്ടിരുന്നു. ”ഒരു പൂമൊട്ട് വിരിയുന്നതുപോലും ഞങ്ങൾക്ക് സന്തോഷമാണ്” -ചെടിച്ചട്ടികൾ അടുക്കിവെക്കുന്നതിനിടെ ജസീല പറഞ്ഞു. അതിജീവിതരുടെ പ്രതീക്ഷകൾക്ക് നിറംപകർന്നുകൊണ്ടാണ് ഓരോ പൂക്കളും വിരിയുന്നത്. പുതുജീവിതത്തിൽ അവ പ്രത്യാശയുടെ പൂക്കളാവുകയാണ്.

ജീവിതം പുതിയ ട്രാക്കിൽ

”താമസം ടൗൺഷിപ്പിലാണെങ്കിലും മനസ്സിപ്പോഴും ചൂരൽമലയിലും മുണ്ടക്കൈയിലുമാണ്. ഇവിടെ ഞങ്ങൾ സുരക്ഷിതരാണ്. എല്ലാ സൗകര്യങ്ങളുമുണ്ട്. ജീവിതം പുതിയ ട്രാക്കിലാണ്. എങ്കിലും പഴയ ജീവിതത്തിന് പകരംവെക്കാനാവില്ല” -സി.കെ. വിജയന്റെ വാക്കുകളിൽ ഓർമ്മകൾ നിറഞ്ഞു. ചൂരൽമലയിൽ പറമ്പിൽ പണിയൊക്കെയുണ്ടായിരുന്നു. ഇവിടെ അതിന് സൗകര്യമില്ലാത്തതിനാൽ കടയിൽ ജോലിക്കുകയറിയെന്നും വിജയൻ പറഞ്ഞു. ജീവിതം പറിച്ചുനട്ടപ്പോൾ ജീവിതശൈലിയും മാറിപ്പോയി. കടയിൽ ജോലിനോക്കിയും സ്വയംതൊഴിൽ കണ്ടെത്തിയും, ടാക്‌സി ഓടിച്ചുമെല്ലാം പുതുജീവിതം കെട്ടിപ്പടുക്കുകയാണവരെല്ലാം. ഓട്ടോറിക്ഷ, ജീപ്പ്, ഗുഡ്‌സ് ഓട്ടോറിക്ഷകളെല്ലാം വീടുകൾക്ക് മുൻപിലുണ്ട്. കുട്ടികൾ സ്‌കൂളിലും മുതിർന്നവർ ജോലിക്കും പോകുന്നതിനാൽ പകൽ ടൗൺഷിപ്പിൽ തിരക്കൊഴിയും. സ്‌കൂൾ ബസുകളിലാണ് ഭൂരിഭാഗം പേരും സ്‌കൂളിൽ പോകുന്നത്. വെള്ളാർമല സ്‌കൂളിൽത്തന്നെ വീണ്ടും പഠിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പഴയ കൂട്ടുകാർ ഒപ്പമുണ്ടെന്നും അഞ്ചാം ക്ലാസുകാരി അവന്തിക പറഞ്ഞു. ദുരന്തത്തിൽ അവന്തികയ്ക്ക് അച്ഛനെയും അമ്മയെയും സഹോദരനെയും നഷ്ടമായിരുന്നു. അച്ഛാച്ഛനും അച്ഛമ്മയ്ക്കും ഇളയച്ഛനുമൊപ്പമാണ് അവന്തിക താമസിക്കുന്നത്. ദുരന്തത്തെ തുടർന്നുണ്ടായ ഗുരുതരമായ പരിക്കിനെയും അവന്തിക അതിജീവിച്ചു. മുറിവിന്റെ പാടുകളെല്ലാം മാഞ്ഞുതുടങ്ങിയിട്ടുണ്ട്. അവന്തികയെപ്പോലെ കളിചിരികളുമായി സ്‌കൂളിലേക്ക് പോകുന്ന കുട്ടികൾ ടൗൺഷിപ്പിലെ സന്തോഷക്കാഴ്ചകളാവുകയാണ്.

”ഉമ്മാ, ഈ മീനിനെ കണ്ടോ… ഞാൻ കളറടിച്ചയാ… ഇനീം ഉണ്ട് ആമയും മുയലുമൊക്കെ. കളറടിച്ചപ്പോൾ മാനിന്റെ ചിത്രം കീറിപ്പോയി” -നൈസമോൾ പുസ്തകത്തിന്റെ താളുകളോരോന്നായി മറിച്ച് കടയിലെ ജോലികഴിഞ്ഞെത്തിയ ഉമ്മ ജസീലയ്ക്കുമുന്നിൽ തന്റെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. ”നന്നായിട്ടുണ്ടല്ലോ മോളൂസേ…” -ഉമ്മയുടെ വാത്സല്യത്തിനു മുൻപിൽ അവൾ നിഷ്‌കളങ്കമായി ചിരിച്ചു. നൈസ മോളുടെ ചിത്രപുസ്തകംപോലെ കളറായി തുടങ്ങുകയാണ് ടൗൺഷിപ്പിലെ ജീവിതങ്ങളും.

വീടെന്ന സന്തോഷം

ടൗൺഷിപ്പിലേത് നല്ല സൗകര്യമുള്ള വീടാണെന്ന് എല്ലാവരും പറയുന്നു. പിന്നിൽ ഷീറ്റുകൊണ്ട് ചാർത്ത് ഉൾപ്പെടെ കെട്ടി സൗകര്യങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ട്. ഭംഗിയുള്ള കർട്ടനുകളും അലങ്കാരങ്ങളും തൂക്കിയിട്ടുണ്ട്. ഉരുളിൽ മറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ അതിനിടയിൽ വരച്ചും ഫ്രെയിം ചെയ്തുമെല്ലാം വെച്ചിട്ടുണ്ട്. സുരക്ഷിതമായി താമസിക്കാൻ ഇടമൊരുങ്ങിയതിന്റെ സന്തോഷം എല്ലാവർക്കുമുണ്ട്.

”കഴിഞ്ഞ വർഷം ഈ സമയത്ത് ഞങ്ങളെല്ലാം വാടകവീടുകളിലായിരുന്നു. ഇപ്പോൾ സ്വന്തം വീടൊക്കെയായി. പ്രിയപ്പെട്ടവർ വീട്ടിൽ ഒപ്പമുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കും. പക്ഷേ നടക്കില്ലല്ലോ…” ജസീലയ്ക്ക് വാക്കുകൾ മുറിഞ്ഞു. ജീവിതത്തിൽ വലിയ നഷ്ടങ്ങളാണുണ്ടായത്. അതെല്ലാം മറികടന്ന് ഇവിടെവരെ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്നും അതിനുള്ള ശ്രമത്തിലാണെന്നും കനകക്കുന്നിൽ പ്രദീപ് പറഞ്ഞു.

തീരാനോവുകൾ ഉള്ളുലയ്ക്കുന്നുണ്ടെങ്കിലും കളിചിരികളിലൂടെ ജീവിതം തിരികെപ്പിടിക്കുകയാണ് അവരെല്ലാം. പുതിയ ഉപജീവന മാർഗങ്ങളൊക്കെ കണ്ടെത്തി പൂക്കുകയാണ് പുതുജീവിതങ്ങളും.

കനത്ത മഴ തുടരുന്നു

കല്പറ്റ: ജില്ലയുടെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച രാത്രിമുതൽ ശക്തമായ മഴ ലഭിച്ചു. ബുധനാഴ്ച രാവിലെ 8.30-ന് അവസാനിക്കുന്ന 24 മണിക്കൂറിൽ ജില്ലയിൽ തൊണ്ടർനാട്, വൈത്തിരി പഞ്ചായത്തുകളിൽ ഓറഞ്ച് ജാഗ്രതയ്ക്ക് സമാനമായ മഴ ലഭിച്ചു. തവിഞ്ഞാൽ, പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന പഞ്ചായത്തുകളിലും ശക്തമായ മഴപെയ്തു. എന്നാൽ, കർണാടകയോട് ചേർന്നുകിടക്കുന്ന ഭാഗങ്ങളിൽ മഴക്കുറവ് തുടരുകയാണ്.

ബുധനാഴ്ച ജില്ലയിൽ ബാണാസുര കൺട്രോൾ ഷാഫ്റ്റിലാണ് ഏറ്റവുംകൂടുതൽ മഴപെയ്തത്. 186.6 മില്ലിമീറ്ററാണ് ഇവിടെ രേഖപ്പെടുത്തിയത്. തൊണ്ടർനാട് കുഞ്ഞോമിൽ 157 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. ജില്ലയിൽ ഏറ്റവുംകുറവ് മഴ ലഭിച്ചത് പൊഴുതന ആനോത്ത്് ആണ് 51 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!