മൗനം തുടർന്ന് സ്‌കൂൾ അധികൃതർ; കുറയാതെ ബാഗ് ഭാരം

Share our post

കണ്ണൂർ: ജില്ലയിലെ സ്‌കൂളിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ ബാഗുകളുടെ അമിത ഭാരത്തിനു കുറവില്ല. ഇത് മിക്ക വിദ്യാർത്ഥികൾക്കും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ബാഗുകളിലെ ഭാരം ഒഴിവാക്കാൻ സ്‌കൂളുകൾ ശ്രദ്ധ ചെലുത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പഠന പരിഷ്‌കാരമല്ലാതെ മറ്റൊരു വഴിയുമില്ലെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധരുടെ അഭിപ്രായം.

ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടരുതെന്നാണ് എൻ.സി.ഇ.ആർ.ടിയുടെ സ്‌കൂൾബാഗ് നയത്തിലെ നിർദ്ദേശം. എന്നാൽ മിക്ക സ്‌കൂളുകളും ഇതിൽ വീഴ്ച വരുത്തുന്നതായാണ് ആരോപണം. പുസ്തകങ്ങൾ, നോട്ടുബുക്കുകൾ, വാട്ടർ ബോട്ടിൽ, ടിഫിൻ തുടങ്ങിയവയാണ് സ്‌കൂൾ ബാഗുകളിലുള്ളത്. വിദ്യാർത്ഥികളിൽ തോൾവേദനയും നട്ടെല്ലുവേദനയും കൂടുന്നതായാണ് റിപ്പോർട്ട്.

നാട്ടിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ പൊതുവായ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണിതെന്നു ഡോക്ടർമാർ പറയുന്നു. പരിശോധനകളിൽ മറ്റു ശാരീരിക പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. സ്ഥിരമായി അമിത ഭാരമെടുത്താൽ സംഭവിക്കാവുന്ന പ്രശ്നമാണിത്. മിക്ക വിദ്യാർത്ഥികളും ടൈംടേബിൾ അനുസരിച്ചല്ല ബാഗുകളിൽ പുസ്തകം വയ്ക്കുന്നതും.

10 ശതമാനത്തിന് താഴെ സുരക്ഷിതം

ബാഗിന്റെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തിൽ താഴെയാകുന്നതാണ് സുരക്ഷിതം. ബാഗിന്റെ ഭാരം പ്രശ്‌നമാണെന്നാണ് നാട്ടിലെ വിദ്യാർത്ഥികൾ ഭൂരിഭാഗവും പറയുന്നത്. എൽ.പി വിഭാഗം കുട്ടികൾ മുൻകരുതൽ വിഭാഗത്തിലാണ്. യു.പി വിഭാഗം. ഹൈസ്‌കൂൾ കുട്ടികളാണ് കൂടുതൽ ഭാരം ചുമക്കുന്നതിൽ മുൻപന്തിയിലുള്ളത്. ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ദിവസവും നോട്ട് ബുക്കും, പുസ്തകവും അധികമായി ചുമക്കേണ്ടി വരുന്നുണ്ട്. ബാഗിന്റെ ഭാരം കാരണം തോളിനും കഴുത്തിനും നടുവിനും വേദന അനുഭവിക്കുന്നു.

പരിഹാരങ്ങൾ
1. ടൈം ടേബിൾ ചുരുക്കി പാഠ്യ പദ്ധതി പരിഷ്‌കരിക്കണം. ഇത് വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം ഇല്ലാതാക്കും.

2 . ഭക്ഷണം കൊണ്ടു പോകുന്ന ടിഫിൻ ബോക്‌സും ഭാരം കുറഞ്ഞതു മതി. കുടയും ആവശ്യമാണെങ്കിൽ മാത്രം ബാഗിൽ കരുതുക. വീടിനു മുന്നിൽ നിന്നു സ്‌കൂൾ ബസിൽ കയറി തിരികെ വന്നിറങ്ങുന്ന കുട്ടിയാണെങ്കിൽ കുടയുടെ ആവശ്യമില്ല.

3. വെള്ളക്കുപ്പി പ്രശ്‌നക്കാരനാണ്. ഒരു ലീറ്റർ വെള്ളത്തിനു ശരാശരി ഒരു കിലോഗ്രാമാണു ഭാരം. കുട്ടികൾക്കു ശുദ്ധജലം യഥേഷ്ടം ലഭ്യമാക്കുക എന്നത് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാണ്. എല്ലാ സ്‌കൂളുകളിലും ഇത് ഉറപ്പാക്കുക.

അമിത ഭാരം ചുമക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടുള്ള താത്പര്യം കുറഞ്ഞേക്കും. അമിതഭാരം കുട്ടികളുടെ ശരീരഘടനയേയും ബാധിക്കും

വിദ്യാഭ്യാസ വിദഗ്ദ്ധർ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!