സിം കാർഡിന്റെ ഒരു കോണിൽ മാത്രം ആ ചെറിയ വെട്ട് എന്തിനാണ്? അധികപേർക്കുമറിയാത്ത സാങ്കേതികമായ ആ രഹസ്യമിതാണ്
നമ്മൾ നിത്യേന ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളിലെ സിം കാർഡുകൾ ഒരിക്കലെങ്കിലും ശ്രദ്ധയോടെ നോക്കിയിട്ടുണ്ടോ? ഇന്ത്യയിലായാലും അമേരിക്കയിലായാലും ലോകത്തിന്റെ ഏത് കോണിലായാലും, എല്ലാ സിം കാർഡുകൾക്കും ഒരു പ്രത്യേകതയുണ്ട്; അതിന്റെ ഒരു കോൺ മാത്രം ചെത്തിമിനുക്കിയതുപോലെ ചെറുതായി വെട്ടി മാറ്റിയിട്ടുണ്ടാകും
പലരും ഇതൊരു ഫാഷൻ ഡിസൈൻ മാത്രമാണോ എന്ന് കരുതാറുണ്ടെങ്കിലും, ഇതിനു പിന്നിൽ വളരെ പ്രധാനപ്പെട്ടൊരു ശാസ്ത്രീയവും സാങ്കേതികവുമായ കാരണം കൂടിയുണ്ട്. 99 ശതമാനം ആളുകൾക്കും ഇന്നും അറിയാത്ത ആ രഹസ്യം എന്താണെന്ന് നോക്കാം.
സിം കാർഡിന്റെ കോണിലെ ആ ചെറിയ വെട്ടിനെ സാങ്കേതികമായി ‘കീ’ എന്നാണ് ടെക് വിദഗ്ധർ വിളിക്കാറുള്ളത്. സിം കാർഡ് ഫോണിലെ ട്രേയിലേക്ക് അല്ലെങ്കിൽ സ്ലോട്ടിലേക്ക് ഏത് ദിശയിലാണ് വെക്കേണ്ടതെന്ന് കൃത്യമായി മനസിലാക്കാൻ ഈ വെട്ട് സഹായിക്കും. വളരെ ചെറുതായതുകൊണ്ട് തന്നെ സാധാരണക്കാരായ ഉപയോക്താക്കൾ സിം തെറ്റായ രീതിയിൽ തിരിച്ചുവെക്കാനുള്ള സാധ്യതയേറെയാണ്. ഈ കോൺ കട്ടിങ് വഴി ആ അബദ്ധം ഒഴിവാക്കാൻ വലിയൊരളവുവരെ സഹായകരമായിരിക്കും.
സിം കാർഡിന്റെ മധ്യഭാഗത്തായി കാണുന്ന സ്വർണനിറത്തിലുള്ള ചെറിയ ചിപ്പാണ് നിങ്ങളുടെ ഫോൺ നമ്പറും വിവരങ്ങളും ഡാറ്റയും സൂക്ഷിക്കുന്നത്. നിങ്ങൾ സിം കാർഡ് തെറ്റായ ദിശയിൽ ഫോണിലേക്ക് ബലമായി വെക്കാൻ ശ്രമിച്ചാൽ, ഈ സ്വർണ ചിപ്പിനും ഫോണിന്റെ അകത്തുള്ള പിൻ കണക്ടറുകൾക്കും വലിയ തോതിൽ കേടുപാടുകൾ സംഭവിക്കാനിടയുണ്ട്. ഫോണിന്റെ സിം റീഡർ തന്നെ തകരാറിലാകാൻ ഇത് കാരണമായേക്കും. ഈ കോണിലെ അടയാളം വഴി സിം കൃത്യമായ ആംഗിളിൽ മാത്രം സ്ലോട്ടിൽ ഫിറ്റ് ചെയ്യാൻ ആളുകളെ സഹായിക്കും.
വലിയ ക്രെഡിറ്റ് കാർഡ് സൈസിൽ നിന്ന് ഇന്നത്തെ നാനോ സിം വരെ
1990-കളുടെ തുടക്കത്തിൽ ആദ്യമായി സിം കാർഡുകൾ പുറത്തിറങ്ങുമ്പോൾ അവയ്ക്ക് ഇന്നത്തെപ്പോലെ ചെറിയ രൂപമായിരുന്നില്ല. മറിച്ച്, ഒരു ക്രെഡിറ്റ് കാർഡിന്റെ അത്രയും വലിപ്പമുണ്ടായിരുന്നു. പിന്നീട് കാലം മാറിയപ്പോൾ ഫോണുകൾ ചെറുതായി, ഒപ്പം സിം കാർഡുകളുടെ വലിപ്പവും മിനി, മൈക്രോ, നാനോ സിം എന്ന നിലയിലേക്ക് ചുരുങ്ങി. വലിപ്പം പലതവണ മാറിയെങ്കിലും, ആ ചെറിയ കോണിലെ വെട്ട് മാത്രം എല്ലാ മാറ്റങ്ങളെയും അതിജീവിച്ച് ഇന്നും മാറ്റമില്ലാതെ തുടരുന്നു.
