എല്ലാം ആർഎസ്എസ് വി.സിമാർ, സിസ്റ്റം പിടിച്ചെടുത്തു; എല്ലാമറിയാമെന്ന് കരുതുന്നവർ വിഡ്ഢികളെന്ന് രാഹുൽ

Share our post

ന്യൂഡൽഹി: ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആത്മാവിനെ രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്) കൈയടക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ആരോപിച്ചു. ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ സർവ്വകലാശാലകളിലും ആർ.എസ്.എസ് പശ്ചാത്തലമുള്ളവരാണ് വൈസ് ചാൻസലർമാരായി ഇരിക്കുന്നതെന്നും ഇത് വിദ്യാർത്ഥികളുടെ സ്വതന്ത്ര ചിന്തയെ തടയുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ഓരോ സർവ്വകലാശാലയിലും ആർഎസ്എസ് പശ്ചാത്തലമുള്ള വ്യക്തികളെയാണ് വൈസ് ചാൻസലർമാരായി നിയമിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർഎസ്എസ് വലിയ തോതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് പ്രോത്സാഹിപ്പിക്കുന്ന പ്രത്യയശാസ്ത്രം വിദ്യാർത്ഥികൾക്കിടയിലുള്ള സ്വതന്ത്ര ചിന്തയെ നിരുത്സാഹപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥികളെ ‘അന്ധഭക്തർ’ ആക്കി മാറ്റാനാണ് അവർ ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ രാജ്യത്തെ യുവജനങ്ങളും വിദ്യാർത്ഥികളും തെരുവിലിറങ്ങി നടത്തുന്ന പ്രതിഷേധങ്ങൾ തന്നെ ആവേശഭരിതനാക്കിയെന്നും വലിയ ആത്മവിശ്വാസം നൽകിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ പ്രതിഷേധങ്ങൾ ദേഷ്യമോ അക്രമമോ വെറുപ്പോ അല്ലെന്നും മറിച്ച് രാജ്യത്തെ യുവതലമുറയുടെ ശുഭാപ്തിവിശ്വാസത്തിന്റെ പ്രകടനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ബിജെപി നേതാക്കൾ അവരുടെ മക്കളോട് സംസാരിക്കുകയാണെങ്കിൽ, തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന സഹോദരങ്ങളോടും സുഹൃത്തുക്കളോടും അവർക്കും യോജിപ്പാണെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും യുവജനങ്ങളുടെ ഈ വികാരത്തെ ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഒരു തീരുമാനമെടുക്കാൻ അധികാരമില്ലാത്ത വ്യക്തിയാണെന്നും മന്ത്രാലയം യഥാർത്ഥത്തിൽ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു . പൊതുപരീക്ഷകൾ നേരിടുന്ന പ്രശ്‌നങ്ങൾ വെറും പേപ്പർ ചോർച്ചയിൽ ഒതുങ്ങുന്നതല്ലെന്നും അത് സംവിധാനത്തിലെ ആഴത്തിലുള്ള പ്രശ്‌നങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം വാദിച്ചു.

പ്രസംഗത്തിനിടെ ‘വിഡ്ഢി’ എന്ന വാക്ക് രാഹുൽ ഗാന്ധി ആവർത്തിച്ച് ഉപയോഗിച്ചത് സഭയിൽ വലിയ ബഹളത്തിന് കാരണമായി. വിദ്യാർത്ഥികൾ എന്നാൽ അറിവിനായി ദാഹിക്കുന്ന സ്‌പോഞ്ച് പോലെയാണെന്നും എന്നാൽ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ തയ്യാറാകാത്ത ചില വിഡ്ഢികൾ’ ഉണ്ടെന്നും ഒരു വിദ്യാർത്ഥി തന്നോട് പറഞ്ഞതായി അദ്ദേഹം ഉദ്ധരിച്ചു. അത്തരക്കാർക്ക് ദൈവത്തെപ്പോലെ നടിക്കാനും വലിയ പ്രതിച്ഛായ നിർമ്മിക്കാനും ആഗ്രഹം ഉണ്ടാകുമെന്നും അദ്ദേഹം വിദ്യാർത്ഥിയെ ഉദ്ധരിച്ച് പറഞ്ഞു. സ്വയം എല്ലാമറിയാമെന്ന് ധരിക്കുന്നവർ വിഡ്ഢികളാണെന്നും അദ്ദേഹം പരിഹസിച്ചു.

രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ഭരണപക്ഷത്തെ അംഗങ്ങൾ ബഹളം വെച്ചു. രാഹുൽ ഗാന്ധി പാർലമെന്ററി വിരുദ്ധമായ പദപ്രയോഗങ്ങൾ നടത്തുകയാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ആരോപിച്ചു. എന്നാൽ താൻ ആരെയും വ്യക്തിപരമായി വിളിച്ചതല്ലെന്നും ഒരു വാക്കിന് അർത്ഥം നൽകുക മാത്രമാണ് ചെയ്തതെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. സ്പീക്കർ ഓം ബിർള വിഷയത്തിൽ ഇടപെടുകയും വിഷയം വിട്ട് സംസാരിക്കരുതെന്ന് രാഹുൽ ഗാന്ധിയോട് നിർദ്ദേശിക്കുകയും ചെയ്തു. തന്റെ പ്രസംഗം ഭരണപക്ഷ അംഗങ്ങൾ തുടർച്ചയായി തടസ്സപ്പെടുത്തുകയാണെന്നും ബിജെപിക്ക് മാത്രം സംസാരിക്കാനാണ് ആഗ്രഹമെങ്കിൽ താൻ മിണ്ടാതിരിക്കാമെന്നും രാഹുൽ ഗാന്ധി പരിഹാസരൂപേണ പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!