സിജെപി സമരം വിജയിച്ചതിൽ ആശ്വാസം, ഇനിയുളള പരീക്ഷകളിലെങ്കിലും നമുക്ക് കുട്ടികളെ നഷ്ടപ്പെടാതിരിക്കട്ടെ; ഐജയുടെ അമ്മ

Share our post

കാസർകോട്: സിജെപി സമരം വിജയിച്ചത് ഏറെ ആശ്വാസം നല്‍കുന്നുവെന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനം നൊന്ത് ജീവനൊടുക്കിയ ഐജ ആര്‍ മഹേഷിന്റെ അമ്മ. ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകില്ല എന്നാണ് പ്രതീക്ഷയെന്നും പരീക്ഷ റദ്ദാക്കിയെന്ന് കേട്ടപ്പോള്‍ മകള്‍ ആകെ തകര്‍ന്നിരുന്നുവെന്നും ഐജയുടെ അമ്മ രാധിക പറഞ്ഞു. മകള്‍ക്കും ജീവനൊടുക്കിയ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും നീതി ലഭിക്കണമെന്നാണ് ആഗ്രഹമെന്നും രാധിക വ്യക്തമാക്കി. 

‘പരീക്ഷ കഴിഞ്ഞ് നല്ല സന്തോഷത്തോടെയാണ് അവള്‍ വന്നത്. നീറ്റ് പരീക്ഷ റദ്ദാക്കിയ ദിവസം മാനസികമായി വലിയ വിഷമത്തിലായിരുന്നു. അന്ന് ഭക്ഷണമൊന്നും കഴിച്ചില്ല. ഞങ്ങള്‍ അവളെ കുറേ കാര്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. ഇത്തവണ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്നെല്ലാം പറഞ്ഞു. ഇനിയുളള പരീക്ഷകളിലെങ്കിലും നമുക്ക് കുട്ടികളെ നഷ്ടപ്പെടാതിരിക്കട്ടെ. ഇത്രയധികം ആളുകള്‍ കുട്ടികള്‍ക്കുവേണ്ടി അവിടെ പോയി ശ്രമിച്ചില്ലേ. അത് തന്നെ ഏറ്റവും വലിയ കാര്യമായാണ് കാണുന്നത്’: ഐജയുടെ അമ്മ പറഞ്ഞു.

കാസര്‍കോട് പൂച്ചക്കാട് സ്വദേശിയായ ഐജ ആര്‍ മഹേഷ് നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഏക മലയാളി വിദ്യാര്‍ത്ഥിയാണ്. ജൂണ്‍ രണ്ടിനാണ് ഐജയെ പാലാ ബ്രില്യന്‍സ് കോച്ചിംഗ് സെന്ററിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു നീറ്റ് പരീക്ഷാ പരിശീലനത്തിന് ഐജ അഡ്മിഷനെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!