വാഹനാപകടങ്ങൾ കുറച്ച് വയനാട്; രക്ഷയായത് എഐ ക്യാമറ, ജനങ്ങളുടെ ജാഗ്രതയ്ക്കും കയ്യടി

Share our post

കൽപറ്റ : ജില്ലയിൽ വാഹാനപകടങ്ങളിൽ കുറവെന്നു പൊലീസിന്റെ കണക്ക്. 2025 ൽ 961 വാഹാനാപകടങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2026 ലെ ആദ്യ 6 മാസങ്ങൾ കഴിയുമ്പോൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 353 അപകടങ്ങൾ മാത്രമാണ്. 2025 ലെ വാഹനാപകടങ്ങളിൽ 1066 പേർക്ക് പരുക്കുണ്ടായിരുന്നു. 69 പേർ മരിക്കുകയും ചെയ്തു. 2026 ആദ്യ പകുതിയിൽ 420 പേർക്ക് പരുക്കും 28 മരണവും സംഭവിച്ചു. 2023 മുതൽ 2025 വരെയുള്ള മൂന്നു വർഷങ്ങളിൽ വാഹനാപകടങ്ങൾ 900 കടന്നിരുന്നു. എന്നാൽ, നിലവിലെ നിരക്ക് തുടർന്നാൽ ഈ വർഷം വാഹാനാപകടങ്ങൾ മൂന്നിൽ രണ്ടായി കുറയ്ക്കാൻ കഴിയുമെന്നാണു അധികൃതരുടെ പ്രതീക്ഷ

രക്ഷയായി എഐ ക്യാമറ, ജനങ്ങളുടെ ജാഗ്രത
വാഹാനാപകടങ്ങൾ കുറയ്ക്കാൻ സഹായിച്ചത് എഐ ക്യാമറകളും ജനങ്ങളുടെ ജാഗ്രതയുമാണെന്നാണ് പൊലീസ്, മോട്ടർ വാഹന വകുപ്പ് അധികൃതർ പറയുന്നത്. ജില്ലയിലാകെ 26 എഐ ക്യാമറകളാണ് പ്രവർത്തിക്കുന്നത്. ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്കുള്ള പിഴ അറിയിച്ച് വാഹന ഉടമകൾ‌ക്ക് കൃത്യമായി ചെല്ലാൻ എത്തുന്നത് കാരണം ആളുകളിൽ ജാഗ്രതയുണ്ടായി.

വാഹനങ്ങൾ വേഗം കുറച്ചു പോകാൻ തുടങ്ങി. ഇരുചക്രവാഹന യാത്രികർ ഹെൽമറ്റ് വയ്ക്കാൻ തുടങ്ങി. കാർ യാത്രികർ കൃത്യമായി സീറ്റ് ബെൽറ്റ് ധരിക്കാൻ തുടങ്ങി. ജനങ്ങളിൽ വന്ന ഈ മാറ്റം വലിയ ഗുണം ചെയ്തതായി അധികൃതർ പറയുന്നു. കഴിഞ്ഞ 3 വർഷം കൊണ്ട് സംസ്ഥാനത്ത് ആകെ 1000 കോടി രൂപയിലധികം രൂപയുടെ ചെല്ലാനാണ് എഐ ക്യാമറകൾ കാരണം ഉണ്ടായത്. ആളുകളുടെ റോഡ് പെരുമാറ്റം ഇത്തരത്തിൽ മാറിയത് വളരെ ഉപകാരമായെന്നു അധികാരികൾ പറയുന്നു.

മോട്ടർ വാഹന വകുപ്പും പൊലീസും തമ്മിൽ ഏകോപനം
റോഡ് നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്നു പരിശോധിക്കാൻ മോട്ടർ വാഹന വകുപ്പും പൊലീസും തമ്മിൽ കൃത്യമായ ഏകോപനം ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ജില്ലയിൽ ഏതു ഭാഗത്താണു നിയമലംഘനങ്ങൾ കൂടുതലായി ഉണ്ടാകുന്നതെന്ന കണക്ക് മോട്ടർ വാഹന വകുപ്പും പൊലീസും ചേർന്ന് എടുത്ത് അവിടെ പരിശോധനകൾ ശക്തമാക്കും. എഐ ക്യാമറകളിൽ‌ നിന്നും ഉദ്യോഗസ്ഥൻമാരിൽ നിന്നും വിവരങ്ങൾ എടുക്കും.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഗുണം ചെയ്തതായാണു വിലയിരുത്തൽ. മദ്യപിച്ചു വാഹനമോടിക്കൽ അടക്കം എഐ ക്യാമറകൾക്കു കണ്ടെത്താൻ കഴിയാത്ത നിയമ ലംഘനങ്ങൾ കണ്ടെത്താനാണ് ഇത്തരം പരിശോധന. രാത്രിയിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!