മണത്തണ-ഓടന്തോട് റോഡ് തകർന്നു; നവീകരണം ചുവപ്പുനാടയിൽ

Share our post

കണിച്ചാർ : മണത്തണ- ഓടന്തോട് റോഡിലൂടെയുള്ള യാത്ര അതി ദുഷ്കരം. റോഡ് പൂർണമായും തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ടും നവീകരണ പ്രവൃത്തികൾ ആരംഭിക്കാൻ വൈകുന്നതാണ് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നത്. റോഡ് ബി.എം.ബി.സി. നിലവാരത്തിൽ മെക്കാഡം ടാറിങ് നടത്തുന്നതിനായി 4.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചെങ്കിലും തുടർനടപടി വൈകുകയാണ്. കണിച്ചാർ പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാർഗങ്ങളിലൊന്നാണ് ഇതോടെ പൂർണമായും തകർന്നടിഞ്ഞത്. വലിയ കുഴികളും ചെളിയും നിറഞ്ഞ റോഡിലൂടെ ജീവൻ പണയം വെച്ചാണ് നിലവിൽ വാഹനങ്ങൾ കടന്നുപോകുന്നത്.

തുക വെട്ടിക്കുറച്ചു

ഓടന്തോട് പാലം വരെയുള്ള റോഡിന്റെ പൂർണമായ നവീകരണത്തിനായി 5.80 കോടി രൂപയുടെ എസ്റ്റിമേറ്റാണ് അധികൃതർ സമർപ്പിച്ചിരുന്നത്. എന്നാൽ ബജറ്റ് വിഹിതമായി 4.50 കോടി രൂപ മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. ഫണ്ട് കുറഞ്ഞ സാഹചര്യത്തിൽ, ഓടന്തോട് പാലം വരെയുള്ള ഭാഗത്തെ 700 മീറ്ററോളം റോഡ് നിലവിലെ പദ്ധതിയിൽ നിന്നും ഒഴിവാക്കേണ്ടി വരും. റോഡിന്റെ ഈ ഭാഗമാണ് ഏറ്റവും കൂടുതൽ തകർന്നു കിടക്കുന്നത്. പദ്ധതി യാഥാർഥ്യമായാലും ഏറ്റവും ദുഷ്കരമായ ഈ ഭാഗം പഴയപടി തന്നെ തുടരുമെന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!