സ്ഥിരമായി പ്രോട്ടീൻ ബാറുകൾ കഴിക്കാറുണ്ടോ ; എന്താണ് നിങ്ങള്‍ക്ക് സംഭവിക്കുന്നത്?

Share our post

അടുത്ത ഭക്ഷണത്തിന് ഇനിയും മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴോ ശരീരത്തിൽ ഊർജം കുറയുന്നതായി തോന്നുമ്പോഴോ ആണ് ഭൂരിഭാഗം ആളുകളും പ്രോട്ടീൻ ബാറുകളെ ആശ്രയിക്കുന്നത്. പാക്കറ്റുകൾക്ക് മുകളിൽ 20 ഗ്രാം പ്രൊട്ടീന്‍ അല്ലെങ്കിൽ ലോ കാര്‍ബ്സ് എന്നൊക്കെ വലിയ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത് കാണുമ്പോൾ നമുക്ക് ആശ്വാസം തോന്നിയേക്കാം. എന്നാൽ ആരോഗ്യം എന്നത് വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്. പേശികളുടെ വളർച്ചയ്ക്കും കോശങ്ങളുടെ പ്രവർത്തനത്തിനും വിശപ്പ് അടക്കാനും പ്രോട്ടീൻ അത്യാവശ്യമാണെന്നത് ശരിതന്നെ. എന്നാൽ പ്രകൃതിദത്തമായ ഭക്ഷണങ്ങളിൽ നിന്ന് പ്രോട്ടീൻ ലഭിക്കുന്നതും പ്രോസസ്സ് ചെയ്തതും ദീർഘനാൾ കേടുകൂടാതെ ഇരിക്കുന്നതുമായ പ്രോട്ടീൻ ബാറുകളിൽ നിന്ന് അത് ലഭിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഈ പ്രോട്ടീൻ ബാറുകൾ ദൈനംദിന ഭക്ഷണക്രമത്തിന്‍റെ  ഭാഗമാകുമ്പോൾ ശരീരത്തിൽ ചില ശാരീരിക മാറ്റങ്ങൾ സംഭവിക്കുന്നു. അവയിൽ ചിലത് ശരീരത്തിന് ഗുണകരമാണെങ്കിൽ മറ്റു ചിലത് വളരെ ആശങ്കാജനകമാണ്. പ്രോട്ടീൻ ബാറുകൾ സ്ഥിരമായി കഴിക്കുന്നത് ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

1. പെട്ടെന്ന് വിശപ്പ് മാറുന്നു 

വിശപ്പ് നിയന്ത്രിക്കാൻ പ്രോട്ടീൻ വളരെയധികം സഹായിക്കുന്നു. ഇത് വിശപ്പുണ്ടാക്കുന്ന ഹോർമോണായ ‘ഗ്രെലിൻ’ന്‍റെ അളവ് കുറയ്ക്കുകയും വയർ നിറഞ്ഞതായി തലച്ചോറിന് സന്ദേശം നൽകുന്ന ‘പെപ്റ്റൈഡ് YY (PYY), GLP-1 എന്നീ ഹോർമോണുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന നിലവാരമുള്ളതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ‘വേ ഐസൊലേറ്റ്’ അല്ലെങ്കിൽ പീ പ്രോട്ടീൻ (പയർവർഗ്ഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ) എന്നിവ അടങ്ങിയ പ്രോട്ടീൻ ബാറുകളാണ് കഴിക്കുന്നതെങ്കിൽ അത് ഉച്ചസമയത്തെ അനാവശ്യമായ വിശപ്പും ആഹാരത്തോടുള്ള കൊതിയും തടയാൻ സഹായിക്കും.

2. വയറുവീർക്കലും ഗ്യാസും 

പ്രോട്ടീൻ ബാറുകളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്താത്ത ഒരു പാർശ്വഫലമാണിത്. കലോറി കുറയ്ക്കാനും സ്വാദ് കൂട്ടാനുമായി ഇത്തരം ബാറുകളിൽ ഉത്പാദകർ ധാരാളമായി ഷുഗർ, ആൽക്കഹോളുകള്‍ കൃത്രിമ ഫൈബറുകള്‍ എന്നിവ ചേർക്കാറുണ്ട്. ചെറുകുടലിന് ഈ ഷുഗർ ആൽക്കഹോളുകളെ ശരിയായി ആഗിരണം ചെയ്യാൻ കഴിയാത്തതിനാൽ ഇവ നേരിട്ട് വൻകുടലിലേക്ക് എത്തുന്നു. അവിടെ വെച്ച് ഇവ വെള്ളം വലിച്ചെടുക്കുകയും കുടലിലെ ബാക്ടീരിയകളുമായി ചേർന്ന് പുളിക്കുകയും ചെയ്യും.

ജേര്‍ണല്‍ ഓഫ് ഫങ്ഷണല്‍ ഫുഡ്സ് ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് സ്ഥിരമായി പ്രോട്ടീൻ ബാറുകൾ , പ്രത്യേകിച്ച് കൃത്രിമ ഫൈബറുകൾ ചേർത്തവ കഴിക്കുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ഗ്യാസ്, വയറുവീർക്കൽ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. കാരണം, സോർബിറ്റോൾ പോലുള്ള ഘടകങ്ങൾ മനുഷ്യന്‍റെ ദഹനവ്യവസ്ഥയ്ക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയില്ല. പകരം അവ കുടലിലെ ബാക്ടീരിയകളാൽ വിഘടിക്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പ്രോട്ടീൻ ബാറുകൾ വാങ്ങുമ്പോൾ അവയിലെ ചേരുവകളിൽ “tol” എന്ന് അവസാനിക്കുന്ന ഘടകങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. ഇവ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഷുഗർ ആൽക്കഹോളുകളാണ്.

3. അമിതമായ പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കപ്പെടാതെ പോകുന്നു 

പല പ്രോട്ടീൻ ബാറുകളും യഥാർത്ഥത്തിൽ ചോക്ലേറ്റ് ബാറുകൾക്ക് തുല്യമാണ്. പ്രോസസ്സ് ചെയ്ത പ്രോട്ടീന്‍റെ ചവർപ്പ് രുചി മറയ്ക്കാനായി ഒരു ബാറിൽ തന്നെ 20 മുതൽ 30 ഗ്രാം വരെ പഞ്ചസാര ചേർക്കാറുണ്ട്. ഇത്തരം ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ബാറുകൾ സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതിനും പിന്നീട് അത് പെട്ടെന്ന് താഴുന്നതിനും  കാരണമാകും. ഇത് ശരീരത്തിന് കൂടുതൽ തളർച്ച ഉണ്ടാക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഇത് ശരീരത്തിൽ നീർക്കെട്ടിനും ഇൻസുലിൻ പ്രതിരോധത്തിനും വഴിവെച്ചേക്കാം.

4. വൃക്കകളുടെ പ്രവർത്തനഭാരം വർദ്ധിക്കുന്നു 

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് ആരോഗ്യമുള്ള വൃക്കകളെ കേടുവരുത്തും എന്നൊരു തെറ്റായ ധാരണയുണ്ട്. എന്നാൽ ശാസ്ത്രീയ വശങ്ങൾ ഇതിനേക്കാൾ സങ്കീർണ്ണമാണ്. ദി ദേര്‍ണല്‍ ഓഫ് ദി അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി (JASN) പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ട് അനുസരിച്ച് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ശരീരത്തിൽ അമിതമായി എത്തുമ്പോൾ അമിനോ ആസിഡുകളുടെ അളവ് വർദ്ധിക്കുകയും  വൃക്കകളുടെ ശുദ്ധീകരണ പ്രക്രിയയുടെ വേഗത കൂട്ടുകയും ചെയ്യുന്നു. ആരോഗ്യവാനായ ഒരാളിൽ ഇതൊരു സാധാരണ പ്രതികരണമാണെങ്കിലും ജീവിതകാലം മുഴുവൻ വൃക്കകൾക്ക് ഈ രീതിയിൽ അമിതമായി ജോലി ചെയ്യേണ്ടി വരുന്നത് വൃക്കകളുടെ ഘടനയിൽ മാറ്റങ്ങൾ വരുത്തിയേക്കാം. ചെറിയ രീതിയിലോ അല്ലെങ്കിൽ പ്രാരംഭ ഘട്ടത്തിലോ ഉള്ള വൃക്കരോഗങ്ങൾ ഉള്ളവർ അമിതമായി പ്രോട്ടീൻ കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനം വേഗത്തിൽ തകരാറിലാക്കാൻ കാരണമാകുമെന്ന് ഈ പഠനം മുന്നറിയിപ്പ് നൽകുന്നു. സജീവമായി വ്യായാമം ചെയ്യുന്ന ആരോഗ്യവാനായ ഒരാൾക്ക് ഈ അധിക പ്രോട്ടീൻ ദഹിപ്പിക്കാൻ കഴിഞ്ഞേക്കും. എങ്കിലും കൃത്യമായ അളവിൽ വെള്ളം കുടിക്കാതെ, സ്ഥിരമായി പ്രോസസ് ചെയ്ത പ്രോട്ടീൻ ബാറുകളെ മാത്രം ആശ്രയിക്കുന്നത് ആരോഗ്യകരമല്ല.

5. അറിയാതെ ശരീരഭാരം കൂടുന്നു

വലിപ്പത്തിൽ ചെറുതായതുകൊണ്ട് തന്നെ പലരും പ്രോട്ടീൻ ബാറുകളെ ലഘുഭക്ഷണമായാണ് കാണുന്നത്. എന്നാൽ ഘടനയിൽ സാന്ദ്രത കൂടിയവയായതിനാൽ ഇവയിൽ പലതിലും 300 മുതൽ 400 വരെ കലോറി അടങ്ങിയിട്ടുണ്ടാകും. ജേര്‍ണല്‍ ഓഫ് ഫങ്ഷണല്‍ ഫൂഡ്സില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ ദിവസവും പ്രോട്ടീൻ ബാർ കഴിക്കുന്ന മുതിർന്നവരിൽ വെറും ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ ശരീരത്തിലെ കൊഴുപ്പിന്‍റെ അളവിലും കലോറി ഉപഭോഗത്തിലും വലിയ വർദ്ധനവ് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തിന് പുറമെ ഒരു ലഘുഭക്ഷണം എന്ന രീതിയിൽ ദിവസവും പ്രോട്ടീൻ ബാർ കഴിച്ചാൽ അത് ആഴ്ചയിൽ 2,100 മുതൽ 2,800 വരെ അധിക കലോറി ശരീരത്തിലെത്താൻ കാരണമാകും. ഇത് പെട്ടെന്ന് ശരീരഭാരം വർദ്ധിക്കുന്നതിന് ഇടയാക്കും.

ആരോഗ്യകരമായ പ്രോട്ടീൻ ബാറുകൾ എങ്ങനെ തിരഞ്ഞെടുക്കാം? 

പ്രോട്ടീൻ ബാറുകൾ ഒഴിവാക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ അവയുടെ പാക്കറ്റിന് പിന്നിലെ പോഷകവിവരങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കി വേണം ഉപയോഗിക്കാന്‍. വാങ്ങുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കുക. പ്രോട്ടീൻ ബാറുകൾ എന്നത് എളുപ്പത്തിന് ഉപയോഗിക്കാവുന്ന ഒരു താല്‍കാലിക മാർഗ്ഗം മാത്രമാണ്. അവ ഒരിക്കലും സമീകൃതാഹാരത്തിന് പകരമല്ല. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ മുട്ട, പനീർ, മുളപ്പിച്ച ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ ഇറച്ചി, ഗ്രീക്ക് യോഗേര്‍ട്ട് തുടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളാണ് ഏറ്റവും ഉചിതം. യാത്രകളിലോ മറ്റ് അടിയന്തിര സാഹചര്യങ്ങളിലോ നല്ല ഭക്ഷണം കഴിക്കാൻ സാധിക്കാത്ത ദിവസങ്ങളിലോ മാത്രം പ്രോട്ടീൻ ബാറുകൾ ഉപയോഗിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!