യുവതിയെ അപമാനിച്ച കേസിൽ ഒറ്റയാൾ സമരക്കാരൻ നാരായണകുമാർ അറസ്റ്റിൽ
കേളകം (കണ്ണൂർ): യുവതിയെ ബസിൽ പിന്തുടർന്ന് ശല്യപ്പെടൂത്തുകയും ഫോട്ടോ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അപമാനിക്കുകയും ചെയ്ത കേസിൽ ഒറ്റയാൾ സമരക്കാരൻ അറസ്റ്റിൽ. കേളകം ശാന്തിഗിരി സ്വദേശി കലശപ്പറമ്പിൽ കെ.പി.നാരായണകുമാറിനെയാണ് (59) കേളകം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നാരായണകുമാറിനെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. അടക്കാത്തോട് സ്വദേശിനിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തുന്നത് ഇയാളുടെ പതിവായിരുന്നു. പിന്നീട് ഫേസ് ബുക്കിൽ നിന്നും യുവതിയുടെ ഫോട്ടോ എടുത്ത് യുവതിക്കൊപ്പം നിൽക്കുന്ന രീതിയിൽ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നല്കിയത്. കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
